Latest Videos

റഫാലിനെക്കുറിച്ചുള്ള പുസ്തകത്തിന് പൊലീസ് വിലക്ക്, അറിഞ്ഞില്ലെന്ന് തെര. കമ്മീഷൻ

By Web TeamFirst Published Apr 2, 2019, 8:02 PM IST
Highlights

അതേസമയം, ഏപ്രിൽ 4-ന് പുറത്തിറങ്ങാനിരിക്കുന്ന പി എം നരേന്ദ്രമോദി എന്ന ചിത്രത്തിന് വിലക്കേർപ്പെടുത്തണമെന്ന ആവശ്യത്തിൽ ഇതു വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തിട്ടില്ല. 

ചെന്നൈ: റഫാൽ ഇടപാടിനെക്കുറിച്ചുള്ള തമിഴ് പുസ്തകത്തിന് പൊലീസ് വിലക്കേർപ്പെടുത്തിയതിന്‍റെ പേരിൽ വിവാദം. തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയെന്ന് ചൂണ്ടിക്കാട്ടി പുസ്തകത്തിന്‍റെ ചെന്നൈയിലെ പ്രകാശനം തടഞ്ഞ തമിഴ്‍നാട് പൊലീസ് എല്ലാ പ്രതികളും കണ്ടുകെട്ടി. എന്നാൽ ഇത്തരമൊരു പൊലീസ് നടപടിയെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി തമിഴ്‍നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹൂ കൈ കഴുകി. 

'രാജ്യത്തെ സ്വാധീനിച്ച റഫാല്‍ അഴിമതി' എന്ന പേരില്‍ ശാസ്ത്ര എഴുത്തുകാരന്‍ എസ് വിജയന്‍, തമിഴില്‍ രചിച്ച പുസ്തകത്തിനാണ് വിലക്ക്. റഫാല്‍ കരാറും തുടര്‍ന്ന് ഉയര്‍ന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും എല്ലാം വിശദമായി പുസ്തകത്തില്‍ വിശദീകരിക്കുന്നുവെന്നാണ് പ്രസാധകരായ ഭാരതി പബ്ലിക്കേഷന്‍സ് പറയുന്നത്.

ചൊവ്വാഴ്ച വൈകിട്ട് ആറ് മണിക്ക് ഹിന്ദു ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ റാം പുസ്തക പ്രകാശനം നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രകാശന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പേ ഫ്ലയിങ്ങ് സ്ക്വാഡും പൊലീസും ചെന്നൈയിലെ ഭാരതി പബ്ലിക്കേഷന്‍സ് ഓഫീസിലേക്ക് എത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചെന്ന് അറിയിച്ച പൊലീസ് പുസ്തകത്തിന്‍റെ 142 പകര്‍പ്പുകളും പിടിച്ചെടുത്തു.

ചെന്നൈയിലെ കേരള സമാജം സ്കൂളിലാണ് ആദ്യം പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും സ്കൂള്‍ അധികൃതരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വേദി പ്രസാധകരായ ഭാരതി പബ്ലിക്കേഷന്‍സിന്‍റെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് നടപടി.

എന്നാൽ പൊലീസ് നടപടിയെക്കുറിച്ച് അറിയുകയേ ഇല്ലെന്നാണ് തമിഴ്‍നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സത്യബ്രത സാഹൂ അറിയിച്ചത്. ജൂനിയര്‍ ഓഫീസര്‍മാരില്‍ ആരെങ്കിലും നിര്‍ദേശം നല്‍കിയിരുന്നോ എന്ന്  അറിയില്ലെന്നും പരിശോധിക്കുകയാണെന്നുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മറുപടി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പോലും അറിയാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേരില്‍ പൊലീസ് നടപടി എടുത്തതിലെ സംശയമാണ് ബാക്കിയാകുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കുന്ന 'പിഎം നരേന്ദ്രമോദി' എന്ന ചിത്രത്തിന്‍റെ റിലീസ് തൽക്കാലത്തേക്ക് വിലക്കണമെന്ന കോൺഗ്രസ് ആവശ്യത്തിൽ ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരു നടപടിയുമെടുത്തിട്ടില്ല.

മോദിയുടെ രാഷ്ട്രീയ ജീവിതം ചിത്രീകരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കോൺഗ്രസിന്‍റെ വാദം. ചിത്രത്തിൽ യുദ്ധത്തേയും ആക്രമണങ്ങളേയും പ്രകീർത്തിച്ചുകൊണ്ടുള്ള രം​ഗങ്ങളുണ്ടെന്നും ചിത്രം പ്രദർശനത്തിനെത്തുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കോൺ​ഗ്രസ് വ്യക്തമാക്കി.

ഒമംഗ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിവേക് ഒബ്‌റോയ് ആണ് മോദിയുടെ വേഷത്തിലെത്തുന്നത്. അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയും. ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ചിത്രം രാജ്യമൊട്ടാകെ ഏപ്രില്‍ 12ന് തീയേറ്ററുകളിലെത്തും.

അതേസമയം, മേം ഭീ ചൗകീദാർ എന്നെഴുതിയ ചായക്കപ്പുകൾ വിതരണം ചെയ്തതിന്‍റെ പേരിൽ റെയിൽവേ മന്ത്രാലയത്തിനും നരേന്ദ്രമോദിയുടെ ചിത്രം പതിച്ച ബോർഡിംഗ് പാസ്സുകൾ വിതരണം ചെയ്തതിന് എയർ ഇന്ത്യക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചിരുന്നു. 

click me!