രാഹുലും പ്രിയങ്കയും ഇന്ന് ഉത്തർപ്രദേശിൽ; മൂന്ന് റാലികളിൽ പങ്കെടുക്കും

By Web TeamFirst Published Apr 8, 2019, 6:44 AM IST
Highlights

പ്രിയങ്ക കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരുവരും ഒരുമിച്ച് ഉത്തർ പ്രദേശിൽ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് പര്യടനമാണിത്. കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനും പ്രിയങ്കയ്ക്കും ഉണ്ടാകും. 

ലക്നൗ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലികളിലും യോഗങ്ങളിലും പങ്കെടുക്കും. ഇന്നലെ എസ്‍പി, ബിഎസ്‍പി സഖ്യത്തിന്‍റെ ആദ്യ യോഗം നടന്ന സഹാറന്‍പൂരിലാണ് ഇരുവരും രാവിലെ എത്തുന്നത്. പ്രിയങ്ക കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ഇരുവരും ഒരുമിച്ച് ഉത്തർ പ്രദേശിൽ നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് പര്യടനമാണിത്. ന്യൂനപക്ഷ വോട്ട് നിര്‍ണായകമായ മണ്ഡലത്തില്‍ മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിന് നല്‍കി ഭിന്നിപ്പിക്കുന്നത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന് ഇന്നലെ മായാവതി പറഞ്ഞിരുന്നു. സഹാരന്‍പൂരിലെ പരിപാടിയ്ക്ക് ശേഷം ഇരുവരും ഷാമ്‍‍ലിയിലെയും ബിജ്നോറിലെയും തെരഞ്ഞെടുപ്പ് റാലികളിലും പങ്കെടുക്കും.

കിഴക്കൻ ഉത്തർ പ്രദേശിന്‍റെ ചുമതലയുള്ള മറ്റൊരു ജനറൽ സെക്രട്ടറിയായ ജ്യോതിരാദിത്യ സിന്ധ്യയും രാഹുലിനും പ്രിയങ്കയ്ക്കും ഉണ്ടാകും. പ്രിയങ്ക ഗാന്ധിക്ക് പടിഞ്ഞാറൻ ഉത്തർ പ്രദേശിന്‍റെ സംഘടനാ ചുമതലയാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ പരാമർശങ്ങൾ നടത്തിയതിന് നിയമനടപടി നേരിട്ട ഇമ്രാൻ മസൂദാണ് സഹാറൻപൂറിലെ കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപി സ്ഥാനാർത്ഥി സിറ്റിംഗ് എംപിയായ രാഘവ് ലഖൻ പാൽ ആണ്. ബിഎസ്‍പിയിൽ നിന്നും കോൺഗ്രസിലെത്തിയ നസീമുദ്ദീൻ സിദ്ദിഖിയാണ് ഷാംലി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി.  കഴിഞ്ഞ ദിവസം ഗാസിയാബാദ് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ ഡോളി ശർമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്ക ഗാന്ധി നടത്തിയ റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകർ പങ്കെടുത്തിരുന്നു.

click me!