
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. രാജ്യസുരക്ഷ, വിദേശ നയം, വികസനം, അഴിമതി എന്നീ വിഷയങ്ങളിലാണ് സംവാദത്തിന് ക്ഷണിച്ചത്. കോൺഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലായിരുന്നു മോദിയെ ലക്ഷ്യമിട്ടുളള ഈ നീക്കം. നരേന്ദ്ര മോദി ഒളിക്കുകയാണെന്നും അദ്ദേഹത്തിന് പേടിയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"അദ്ദേഹം ഒരിക്കലും ഒരു യഥാർത്ഥ സംവാദം ആഗ്രഹിക്കുന്നില്ല. രാജ്യസുരക്ഷ, വിദേശ നയം, വികസനം, അഴിമതി എന്നീ വിഷയങ്ങളിൽ സംവാദത്തിന് ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കുകയാണ്. അദ്ദേഹം എന്തിനാണ് ഇങ്ങിനെ പേടിക്കുന്നത്?" പരിഹാസ സ്വരത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു.
"അകംപൊള്ളയായ വിശദീകരണങ്ങളിൽ ഒളിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നത്. അദ്ദേഹത്തിന് കൂടുതൽ കാലം അത് ചെയ്യാനാവില്ല. ചൗകിദാറിന് ഒളിക്കാനേ കഴിയൂ, ഓടാൻ കഴിയില്ല," എന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന ചർച്ചാ വിഷയം തൊഴിലില്ലായ്മയും കാർഷിക പ്രശ്നങ്ങളുമാണെന്ന് അദ്ദേഹം പറഞ്ഞു. അതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും മിണ്ടുന്നില്ല. മിനിമം വേതനം നടപ്പാക്കാൻ ബിജെപി ക്ക് ഒരിക്കലും സാധിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷൻ അത് കോൺഗ്രസിന് മാത്രം സാധിക്കുന്ന കാര്യമാണെന്നും പറഞ്ഞു.