രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉമ്മൻ ചാണ്ടി; ദില്ലിയിൽ നിര്‍ണായക യോഗം

By Web TeamFirst Published Mar 25, 2019, 9:24 AM IST
Highlights

വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തിൽ അനിശ്ചിതത്വം ഒന്നും ഇല്ലെന്ന് ഉമ്മൻ ചാണ്ടി. നിര്‍ണായക പ്രവര്‍ത്തക സമിതിയും തെരഞ്ഞെടുപ്പ് സമിതിയും ദില്ലിയിൽ.
 

ദില്ലി/ തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി സ്ഥാനാര്‍ത്ഥിയാകുന്ന കാര്യത്തിൽ അനിശ്ചിതത്വം ഒന്നും നിലവിലില്ലെന്ന് ഉമ്മൻചാണ്ടി. രാഹുൽ അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. രാഹുൽ മത്സരിക്കാനെത്തണമെന്ന് സംസ്ഥാന നേതൃത്വം ഒന്നടങ്കം  ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ഗാന്ധി കേരളത്തിലേക്ക് എത്തുന്നതിൽ പൂര്‍ണ്ണമായ സന്തോഷവും അറിയിച്ചിട്ടുണ്ട്. വയനാട്ടിൽ നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയും പിൻമാറിയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

രാഹുൽ ഗാന്ധി അനുകൂലമായി പ്രതികരിക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം ദില്ലിയിൽ ഇന്ന് നിര്‍ണായക യോഗങ്ങൾ നടക്കുകയാണ്. പതിനൊന്ന് മണിക്ക് കോൺഗ്രസ് പ്രവര്‍ത്തക സമിതിയോഗവും മൂന്നരയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും നടക്കുമെന്നാണ്  അറിയിച്ചിട്ടുള്ളത്.

തെരഞ്ഞെടുപ്പ് പ്രകടന പത്രിക അംഗീകരിക്കലാണ് അജണ്ടയെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വമടക്കം സുപ്രധാന വിഷയങ്ങളും പരിഗണനയ്ക്ക് വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.  കോൺഗ്രസിന്‍റെ ഒമ്പതാം സ്ഥാനാർത്ഥിപ്പട്ടികയിലും വയനാടും വടകരയും ഉൾപ്പെടാത്ത സാഹചര്യത്തിൽ അന്തിമ തീരുമാനവും ഇന്നത്തെ ദില്ലി ചര്‍ച്ചകളിൽ പ്രതീക്ഷിക്കുന്നുണ്ട് . 

അതായത് ദില്ലിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തന്നെ നേതൃത്വത്തിൽ ചേരുന്ന കേന്ദ്ര തെര‍ഞ്ഞെടുപ്പ് സമിതി യോഗത്തിൽ രണ്ട് കാര്യങ്ങൾക്കാണ് വ്യക്തത വരേണ്ടത്. ഒന്ന് രാഹുൽ അമേഠിയെക്കൂടാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കുമോ? മത്സരിക്കുമെങ്കിൽ അത് വയനാടാകുമോ? 

ഇടതു പക്ഷത്തിനെതിരെ മല്‍സരിക്കരുതെന്ന് അഭിപ്രായം നേതാക്കള്‍ രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. അതേ സമയം രാഹുൽ വയനാട്ടിൽ മല്‍സരിക്കണമെന്നാവശ്യം കേരളത്തിലെ നേതാക്കള്‍ ശക്തമായി ഉന്നയിക്കുകയാണ് എന്നാൽ, ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പി സി ചാക്കോ ഉൾപ്പടെയുള്ള നേതാക്കൾ അതൃപ്തി പരസ്യമായിത്തന്നെ പറയുന്നു. പിസി ചാക്കോയുടെ അതൃപ്തിയോട് പ്രതികരിക്കാനില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ നിലപാട്. 

രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന വാർത്തയിൽ ഉടനെ പ്രതികരിക്കാതിരുന്ന ബിജെപി ദേശീയനേതൃത്വം പിന്നീട് ശക്തമായി ആഞ്ഞടിച്ചു. അമേഠിയിൽ എതിരാളിയായ സ്മൃതി ഇറാനിയെ രാഹുൽ ഭയന്നോടി എന്നായിരുന്നു ബിജെപിയുടെ പരിഹാസം. എന്നാൽ രാഹുൽ മത്സരിക്കുമെന്ന കാര്യത്തിൽ ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഹൈക്കമാന്‍റിന്‍റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. തമിഴ്‍നാട്, കർണാടക പിസിസികൾ രാഹുൽ അവരവരുടെ സംസ്ഥാനങ്ങളിൽ വന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

click me!