
അമേഠി: അഞ്ച് വർഷം മുൻപാണ് എംപിയെന്ന നിലയിൽ തന്റെ മണ്ഡലത്തിലെ ജഗദീഷ്‌പുർ ഗ്രാമത്തെ രാഹുൽ ഗാന്ധി ദത്തെടുത്തത്. എന്നാൽ ഇതുവരെ ഒരിക്കൽ പോലും ഈ ഗ്രാമത്തിലേക്ക് അദ്ദേഹം സന്ദർശനം നടത്തിയിട്ടില്ല. ഗ്രാമത്തിൽ ഇതുവരെ യാതൊരു വികസന പ്രവർത്തനങ്ങളും നടത്തിയിട്ടുമില്ല. രാഹുൽ ഗാന്ധിയെ കാത്തിരിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ.
സൻസദ് ആദർശ് ഗ്രാമ യോജന പദ്ധതിയിലാണ് ഗ്രാമത്തെ ദത്തെടുത്തത്. 2014 ഡിസംബറിലാണ് അവസാനമായി രാഹുൽ ഗാന്ധി ഈ ഗ്രാമത്തിലെത്തിയത്. എംപിമാർക്ക് മണ്ഡലത്തിലെ ഒരു ഗ്രാമത്തെ ദത്തെടുത്ത് അതിനെ മാതൃകാ ഗ്രാമമാക്കി മാറ്റുന്നതിനാണ് എസ്എജിവൈ പദ്ധതി.
ഗ്രാമത്തിൽ ശുദ്ധജല വിതരണത്തിനായി ടാങ്ക് നിർമ്മിച്ചെങ്കിലും ഇതുവരെയും ജനങ്ങൾക്ക് വെള്ളം ലഭിച്ചിട്ടില്ല. കമ്യൂണിറ്റി ഹാളിന് വേണ്ടി രാഹുൽ ഗാന്ധിയെ സമീപിച്ചപ്പോൾ അഞ്ച് നിമിഷം പോലും സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രദേശവാസികൾ പരാതി ഉന്നയിച്ചിട്ടുണ്ട്. ഗ്രാമത്തിൽ 39 ശതമാനമാണ് സാക്ഷരത. ജഗദീഷ്‌പുർ ഗ്രാമത്തിലടക്കം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരവധി തവണയാണ് സ്മൃതി ഇറാനി സന്ദർശിച്ചത്.
എന്നാൽ എസ്എജിവൈ പദ്ധതിക്ക് പ്രത്യേക പണം കേന്ദ്രസർക്കാർ അനുവദിക്കുന്നില്ലെന്നും എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് പണം അനുവദിക്കേണ്ടതെന്നും കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു. എംപി ഫണ്ട് ചിലവഴിക്കാൻ 877 ഗ്രാമങ്ങളുണ്ടെന്നും മാതൃകാ ഗ്രാമം പദ്ധതിക്ക് പ്രത്യേക ഫണ്ടില്ലെന്ന കാര്യം നേരത്തെ തന്നെ രാഹുൽ ഗാന്ധി വ്യക്തമാക്കിയതാണെന്നും കോൺഗ്രസ് ആരോപിച്ചു.