ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി; കേരളത്തിൽ നിന്നുള്ള മത്സരം രാജ്യത്തിനുള്ള സന്ദേശം

By Web TeamFirst Published Apr 16, 2019, 11:15 AM IST
Highlights

" ഞങ്ങൾ നിങ്ങളോട് പോരാടും നിങ്ങളെ  തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും അങ്ങനെ നിങ്ങൾ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തും" ബിജെപിക്കും മോദിക്കും രാഹുലിന്‍റെ മറുപടി.

കൊല്ലം: സംഘപരിവാര്‍ നയങ്ങൾക്കും നരേന്ദ്ര മോദിക്കും എതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.  ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോൺഗ്രസ് എന്ന ആശയത്തെ തന്നെ  തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ ഞങ്ങൾ നിങ്ങളോട് പോരാടും നിങ്ങളെ  തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും അങ്ങനെ നിങ്ങൾ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. അതേസമയം ആര്‍എസ്എസ് സംഘപരിവാര്‍ നയങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് അക്രമം ഉണ്ടാക്കിയാകില്ലെന്നും രാഹുൽ ഗാന്ധി പത്തനാപുരത്തെ പൊതുയോഗത്തിൽ പറഞ്ഞു. 

അവരുടെ ശബ്ദം മാത്രമെ എല്ലാവരും കേൾക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത് . ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുൽ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

തെക്കേ ഇന്ത്യയിൽ നിന്ന് മത്സരിക്കുന്നതിനുള്ള തീരുമാനം രാജ്യത്തിനാകെയുള്ള സന്ദേശമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേരളം രാജ്യത്തിനാകെ മാതൃകയാണ്. സഹിഷ്ണുതയാണ് കേരളത്തിന്‍റെ പ്രത്യേകതയെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. 

click me!