എറണാകുളവും പത്തനംതിട്ടയും രാഹുലിന് വിട്ടു; സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനാകാതെ കോൺഗ്രസ്

By Web TeamFirst Published Mar 11, 2019, 4:12 PM IST
Highlights

എറണാകുളവും പത്തനംതിട്ടയും അടക്കമുള്ള സിറ്റിംഗ് സീറ്റിൽ ആര് മത്സരിക്കണമെന്ന് രാഹുൽ തീരുമാനിക്കും. ഉമ്മൻചാണ്ടി മത്സരിക്കണമെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പാനലിൽ ഉമ്മൻചാണ്ടിയുടെ പേരില്ല 

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ധാരണയാക്കാനാകാതെ കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി. സിറ്റിംഗ് എംപിമാര്‍ മത്സരിക്കുന്നതിൽ എതിര്‍പ്പ് ഉയര്‍ന്ന എറണാകുളം പത്തനംതിട്ട മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ കാര്യത്തിൽ ധാരണയുണ്ടാക്കാൻ നേതാക്കൾക്ക് കഴിയാത്ത സാഹചര്യത്തിൽ തീരുമാനം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിട്ടു. 

ഉമ്മൻചാണ്ടിയും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കാനില്ലെന്ന നിലപാട് സ്ക്രീനിംഗ് കമ്മിറ്റിയിലും ആവര്‍ത്തിച്ചു. ഉമ്മൻചാണ്ടി മത്സരിക്കണമെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും സ്ഥാനാര്‍ത്ഥി പാനലിൽ ഉമ്മൻചാണ്ടിയുടെ പേരില്ല. സിറ്റിംഗ് എംപിമാര്‍ മത്സരിക്കണമെന്ന് പറയുമ്പോൾ അതിൽ മുല്ലപ്പള്ളിയും ഉൾപ്പെടുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ ഹൈക്കമാന്‍റായിരിക്കും അന്തിമ തീരുമാനം എടുക്കുക. 

കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കോഴിക്കോട്ട് സിറ്റിംഗ് എംപി മത്സരിക്കും . വയനാട്ടിൽ ഷാനിമോൾ ഉസ്മാനും കെപി അബ്ദുൾ മജീദിന്‍റെയും പേര് സജീവ പരിഗണനയിലുണ്ട്. കെസി വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ ആലപ്പുഴയിൽ ആര് മത്സരിക്കുമെന്ന കാര്യവും അനിശ്ചിതത്വത്തിലാണ്.  ആറ്റിങ്ങളിൽ പരിഗണിച്ചിരുന്ന അടൂര്‍ പ്രകാശ് ആലപ്പുഴയിലേക്ക് മാറണമെന്ന നിര്‍ദ്ദേശം സജീവമായി ഉയര്‍ന്നിട്ടുണ്ട്.

പാലക്കാട്ട് ഷാഫി ഹറമ്പിൽ മത്സരിക്കണമെന്ന വികാരമാണ് അണികളോട് സംവദിക്കുമ്പോൾ ഹൈക്കമാന്‍റിന് ലഭിച്ചതെന്ന സൂചനയുണ്ട്.മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ കുറിച്ചു് ധാരണയുണ്ടാക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. സ്ക്രീനിംഗ് കമ്മിറ്റി യോഗം വീണ്ടും പതിനഞ്ചിന് ചേരും 

click me!