രാഹുൽ 16, 17 തീയതികളിൽ വീണ്ടും വയനാട്ടിൽ, മോദി 12-ന് കോഴിക്കോട്ടും: കേരളം ദേശീയ ശ്രദ്ധാകേന്ദ്രം

By Web TeamFirst Published Apr 4, 2019, 5:35 PM IST
Highlights

വീണ്ടും വയനാട്ടിലേക്ക് 16, 17 തീയതികളിൽ വരാനാണ് രാഹുൽ ആലോചിക്കുന്നത്. പ്രചാരണം ഒട്ടും കുറയ്ക്കേണ്ടെന്ന് തന്നെയാണ് കോൺഗ്രസ് തീരുമാനം. പ്രിയങ്കാ ഗാന്ധിയും ഒപ്പം വന്നേക്കും. 

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർ‍ത്ഥിയുമായ രാഹുൽ ഗാന്ധി വീണ്ടും ഈ മാസം മണ്ഡലത്തിൽ പ്രചാരണം നടത്താനെത്തും. മണ്ഡലത്തിൽ റോഡ് ഷോ ഉൾപ്പടെ നടത്താനാണ് രാഹുലിന്‍റെ ആലോചന. വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ തുടരാനാണ് കോൺഗ്രസിന്‍റെ ആലോചന. രാഹുൽ തരംഗം എല്ലാ മണ്ഡലങ്ങളിലും വോട്ടാകുമെന്ന് ഉറപ്പുള്ളതിനാൽ കൊണ്ടുപിടിച്ച് പ്രചാരണം നടത്തും. അതേസമയം, ബിജെപിയും വിട്ടുകൊടുക്കാനൊരുക്കമല്ല. ഈ മാസം 12-ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലെത്തും. 

ഇതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്താൻ ഡിസിസിക്കും കെപിസിസി നേതൃത്വത്തിനും എഐസിസി നിർദേശം നൽകി. പ്രിയങ്കാ ഗാന്ധിയും ഒപ്പം എത്തിയേക്കും. തിരുനെല്ലി ക്ഷേത്രത്തിൽ ഇരുവരും സന്ദർശനം നടത്താനും സാധ്യതയുണ്ട്. രാജീവ് ഗാന്ധിയുടെ മരണശേഷം ചിതാഭസ്മം നിമജ്ജനം ചെയ്ത ഇടങ്ങളിലൊന്നാണ് തിരുനെല്ലി ക്ഷേത്രം. 

അതേസമയം, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേരളത്തിലേക്കെത്തുമെന്ന് വ്യക്തമായി. 12-ന് തിരുവനന്തപുരത്തും കോഴിക്കോട്ടും നരേന്ദ്രമോദി റാലികളില്‍ പങ്കെടുക്കും. വൈകീട്ട് 5-ന് കോഴിക്കോട്ടും രാത്രി 7-ന് തിരുവനന്തപുരത്തും പ്രധാനമന്ത്രി പ്രസംഗിക്കും.

പതിനേഴാം ലോക്സഭയിലേക്കുള്ള ആദ്യ വോട്ടെടുപ്പിന് ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. നരേന്ദ്രമോദിക്കും പ്രതിപക്ഷ പാർട്ടികൾക്കും ഇടയിലെ പോരാട്ടം മുറുകുകയാണ്. ദേശീയത മാത്രം വോട്ടാകില്ലെന്ന ബോധ്യത്തിൽ തന്ത്രം മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി. 

ഇന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ കേരളത്തിലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്‍ ആവേശമാണ് പകർന്നത്. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ കല്‍പറ്റ നഗരം ഇളകി മറിഞ്ഞു. തുറന്ന വാഹനത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു.

click me!