തമിഴ്നാട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കുമെന്ന് രജനീകാന്ത്

By Web TeamFirst Published Apr 19, 2019, 4:03 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും തമിഴ് നാട്ടില്‍ ഇന്നലെ നടന്നിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എഐഎഡിഎംകെയ്ക്ക് ഭൂരിപക്ഷം നഷ്ടപ്പെടുന്ന പക്ഷം സംസ്ഥാനത്ത് സര്‍ക്കാരിനെ പിരിച്ചു വിട്ട് ഇടക്കാല തെരഞ്ഞെടുപ്പ് നടത്തിയേക്കും. 

ചെന്നൈ:തമിഴ്നാട്ടില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചന നല്‍കി സൂപ്പര്‍താരം രജനീകാന്ത്. തമിഴ് നാട്ടിലെ 39 ലോക്സഭാ സീറ്റുകളിലേക്കും 18  നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും പൂര്‍ത്തിയായ സാഹചര്യത്തിലാണ് സൂപ്പര്‍താരത്തിന്‍റെ പ്രതികരണം.
 
18 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ എഐഡിഎംകെ പരാജയപ്പെട്ടാല്‍ അവര്‍ക്ക് നിയമസഭയില്‍ കേവലഭൂരിപക്ഷം നഷ്ടമാവും. ഇതോടെ സര്‍ക്കാരിനെ പിരിച്ചു വിട്ട് തമിഴ് നാട്ടില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ താനും തന്‍റെ പാര്‍ട്ടിയും മത്സരിക്കും എന്ന സൂചനയാണ് രജനി നല്‍കുന്നത്.
 
എപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും ഞാന്‍ തയ്യാറാണ്. മെയ് 23-ന് ഫലപ്രഖ്യാപനം വന്ന ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കും - ചെന്നൈയില്‍ മാധ്യമങ്ങളെ കണ്ട രജനീകാന്ത് പറഞ്ഞു. രജനീകാന്തിന്‍റെ രാഷ്ട്രീയപ്രവേശനത്തെക്കുറിച്ച് വളരെ കാലമായി അഭ്യൂഹങ്ങളുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം മാത്രമാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചത്. എങ്കിലും ഇതവരെയും തന്‍റെ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
 
രജനിക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് വന്ന കമല്‍ഹാസന്‍ മക്കള്‍ നീതി മെയ്യം എന്ന പേരില്‍ പാര്‍ട്ടി രൂപീകരിച്ച് തമിഴ്നാട്ടിലേയും പുതുച്ചേരിയിലേയും മുഴുവന്‍ സീറ്റുകളിലും മത്സരിച്ചിരുന്നു. എന്നാല്‍ ലോക്സഭ അല്ല ലക്ഷ്യമെന്നും നിയമസഭാ തെരഞ്ഞെടുപ്പ് വരുമ്പോള്‍ മത്സരിക്കാം എന്നുമുള്ള നിലപാടിലാണ് രജനി.
click me!