കാലാവസ്ഥ പ്രവചിക്കുന്നയാളല്ല,പക്ഷേ പ്രവചിക്കുന്നത് സംഭവിക്കും: കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്‍

By Web TeamFirst Published May 24, 2019, 7:46 PM IST
Highlights

മോദി തരംഗമല്ല മോദി സുനാമി തന്നെ വീശിയടിക്കുമെന്ന് ആദ്യമായി അവകാശപ്പെട്ടവരില്‍ ഒരാളാണ് താന്‍, അത് അങ്ങനെ തന്നെ സംഭവിച്ചെന്നും രാം വിലാസ് പാസ്വാന്‍ 

പാറ്റ്ന: കാലാവസ്ഥ പ്രവചിക്കുന്ന ആളല്ല പക്ഷേ ജനങ്ങളുടെ പള്‍സ് അറിയാവുന്നത് കൊണ്ട് തന്നെ താന്‍ പ്രവചിക്കുന്നത്  സംഭവിക്കുന്നെന്ന് കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായി രാം വിലാസ് പാസ്വാന്‍.  ബീഹാറിലെ 40 ലോക്സഭാ മണ്ഡലങ്ങളിലും എന്‍ഡിഎ വിജയിക്കുമന്ന് താന്‍ പ്രവചിച്ചിരുന്നതായി തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെ രാം വിലാസ് പാസ്വാന്‍ പറഞ്ഞു. പാസ്വാന്‍റെ പ്രവചനം ഏറെക്കുറെ ശരിയായെന്ന് തന്നെ പറയാം. ബീഹാറില്‍ 39 മണ്ഡലങ്ങളിലും എൻഡിഎ വിജയക്കൊടി പാറിച്ചു. എന്‍ഡിഎ മുന്നണിയുടെ സഖ്യകക്ഷികളിലൊന്നായ ലോക് ജനശക്തിയാകട്ടെ മത്സരിച്ച ആറുസീറ്റുകളിലും വിജയിച്ചു. 

മോദി തരംഗമല്ല മോദി സുനാമി തന്നെ വീശിയടിക്കുമെന്ന് ആദ്യമായി അവകാശപ്പെട്ടവരില്‍ ഒരാളാണ് താന്‍, അത് അങ്ങനെ തന്നെ സംഭവിച്ചെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു.  രാഷ്ട്രീയത്തിലെ കാലാവസ്ഥാ പ്രവചനക്കാരനാണ് പാസ്വാനെന്നാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറയാറ്.  പാസ്വാന്‍റെ മകന്‍ ചിരാഗ് പാസ്വാന്‍ ജാമു മണ്ഡലത്തില്‍ നിന്നും വിജയച്ചിരുന്നു. കേന്ദ്ര മന്ത്രിയാവാന്‍ മകന്‍ യോഗ്യനാണെന്നും പാസ്വാന്‍ പറയുന്നു. എന്നാല്‍ ഇത്തവണ  മുന്നണിയുടെ കരുത്തരായ നേതാക്കളിലൊരാളായ പാസ്വാന്‍ മത്സരിച്ചിരുന്നില്ല. 1977 ന് ശേഷം ഇതാദ്യമായാണ് പാസ്വാന്‍ മത്സരത്തില്‍ നിന്നും മാറിനിന്നത്.

click me!