വിജയരാഘവനും, ദീപാ നിശാന്തും: 'ആലത്തൂരിലെ രമ്യയുടെ മിന്നുന്ന വിജയത്തിന് പിന്നില്‍'

By Web TeamFirst Published May 23, 2019, 5:56 PM IST
Highlights

ആലത്തൂരില്‍ പാട്ടുംപാടി രമ്യ ഹരിദാസ് ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോഴും പി കെ ബിജു ഹാട്രിക് വിജയം നേടുമെന്ന് തന്നെയായിരുന്നു ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍.

ആലത്തൂര്‍: എല്‍ഡിഎഫിന്‍റെ ഉറച്ച സീറ്റുകളിലൊന്നായ ആലത്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നേടിയത് വന്‍വിജയം. 5,338,15 വോട്ടുകള്‍ നേടിയാണ് രമ്യ ഹരിദാസിന്‍റെ മിന്നുംവിജയം. പി കെ ബിജുവിനാകട്ടെ നേടാനായത് 3,748,47 വോട്ടുകളും. ആലത്തൂരില്‍ പാട്ടുംപാടി രമ്യ ഹരിദാസ് ജയിക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോഴും പി കെ ബിജു ഹാട്രിക് വിജയം നേടുമെന്ന് തന്നെയായിരുന്നു ഇടതുപക്ഷത്തിന്‍റെ കണക്കുകൂട്ടല്‍.

ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും ശബരിമലയും സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗത്തിന് കാരണമായപ്പോള്‍ രമ്യയുടെ വിജയത്തിന് പിന്നില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും പങ്കുണ്ട്. രമ്യ ഹരിദാസിനെക്കുറിച്ച് എ വിജയരാഘവന്‍ നടത്തിയ അശ്ലീല പരാമര്‍ശം വലിയ വിവാദമായതോടെ രമ്യക്കുള്ള പിന്തുണ വര്‍ധിച്ചിരുന്നു. പി  കെ  കുഞ്ഞാലിക്കുട്ടിയേയും രമ്യ ഹരിദാസിനെയും ചേര്‍ത്ത്  എല്‍ഡിഎഫ് കണ്‍വീനര്‍ ദ്വയാര്‍ത്ഥ പരാമര്‍ശം നടത്തിയത് എല്‍ഡിഎഫില്‍ തന്നെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. വിജയരാഘവന്‍റെ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയ സംസ്കാരത്തിന് നിരക്കാത്തതുമാണെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനങ്ങള്‍. വിജയരാഘവന്‍റെ സ്ത്രീ വിരുദ്ധ പരാമര്‍ശമടക്കം ഇടതുപക്ഷത്തിന് തിരിച്ചടിയായെന്ന് വേണം കരുതാന്‍.

ഇടതുപക്ഷത്തിന്‍റെ മികച്ച സ്ഥാനാര്‍ത്ഥികളിലൊരാളായിരുന്ന പി കെ ബിജുവിനെ പിന്തുണച്ചുകൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ  പോസ്റ്റുകളും മറ്റും തിരിച്ചടിച്ചെന്ന് വേണം കരുതാന്‍.  പി കെ ബിജുവിന് വേണ്ടി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്ന പോസ്റ്റുകളില്‍ പലതും പാട്ടുപാടി വിജയിക്കുമെന്ന രമ്യയുടെ പ്രസ്താവനകളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു.  പാട്ടും പാടി വോട്ട് പിടിക്കാൻ ഇതെന്താ റിയാലിറ്റി ഷോ ആണോ എന്നായിരുന്നു ദീപാ നിശാന്ത് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. "ടീച്ചറുടെ കുടുംബത്തിന്‍റെ വോട്ട് എനിക്കാണ്, ടീച്ചറുടെ വോട്ടും എനിക്ക് വേണം" ഇതായിരുന്നു രമ്യ ഹരിദാസിന്‍റെ പ്രതികരണം. സമൂഹമാധ്യമങ്ങളില്‍ രമ്യയുടെ നിലപാടുകള്‍ പലതും ക്രൂശിക്കപ്പെട്ടത് വോട്ടിംഗില്‍ ഗുണകരമായെന്ന് വേണം കരുതാന്‍.

click me!