ഇന്നസെന്‍റിന്‍റെ തോല്‍വി; നടി ആക്രമിക്കപ്പെട്ട വിഷയത്തിലെ നിലപാട് തിരിച്ചടിച്ചോ?

By Web TeamFirst Published May 23, 2019, 6:37 PM IST
Highlights

എന്നാല്‍ എംപിയെ സ്വന്തം മണ്ഡലത്തില്‍ കാണാനില്ലെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. കൂടാതെ മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം പരിതാപകരമാണെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിരുന്നു.
 

ചാലക്കുടി: കാത്തുകാത്തിരുന്ന് ഒടുവില്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ മത്സരിച്ച ഇന്നസെന്‍റിന് പരാജയം. നാലുവര്‍ഷം മുമ്പ് ചാലക്കുടിയില്‍ നിന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച ഇന്നസെന്‍റിന് ഇത്തവണ പാര്‍ട്ടി ചിഹ്നം നല്‍കിയെങ്കിലും ഫലം വന്നപ്പോള്‍ പരാജയം. വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇന്നസെന്‍റ്. എന്നാല്‍ എംപിയെ സ്വന്തം മണ്ഡലത്തില്‍ കാണാനില്ലെന്ന ആരോപണം തുടക്കം മുതലേ ഉണ്ടായിരുന്നു. കൂടാതെ മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം പരിതാപകരമാണെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കിയിരുന്നു.

എങ്കിലും ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്നതിലൂടെ പാര്‍ട്ടി പരമ്പരാഗത വോട്ടുകള്‍ കിട്ടുമെന്ന് തന്നെയായിരുന്നു എല്‍ഡിഎഫിന്‍റെ വിശ്വാസം. എന്നാല്‍ ചാലക്കുടിയില്‍ 473444 വോട്ടുകള്‍ നേടിയാണ് കോണ്‍ഗ്രസിന്‍റെ ബെന്നി ബെഹന്നാന്‍ വിജയിച്ചത്.  ഇന്നസെന്‍റിന് പാര്‍ട്ടി ചിഹ്നം നല്‍കി മത്സരിപ്പിക്കുന്നതില്‍ ഇടതുപക്ഷത്തിനുള്ളില്‍ തന്നെ എതിര്‍പ്പുകളുണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നസെന്‍റ് സ്വീകരിച്ച നിലപാട് വ്യാപകമായി എതിര്‍പ്പിന് ഇടവരുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്നസെന്‍റ് എടുത്ത കടുത്ത സ്ത്രീ വിരുദ്ധ നിലപാട് ചൂണ്ടിക്കാട്ടി ഇങ്ങനെയുള്ള ആളെ ഇടതുപക്ഷ പാര്‍ട്ടി എന്തിനാണ് സ്ഥാനാര്‍ഥിയാക്കുന്നതെന്ന് സംവിധായകനായ ഡോക്ടര്‍ ബിജു ചോദിച്ചിരുന്നു. 

സിനിമയില്‍ അവസരങ്ങള്‍ക്കുവേണ്ടി കിടക്കപങ്കിടാന്‍ ആവശ്യപ്പെടാറുണ്ടെന്ന ചില നടിമാരുടെ പ്രതികരണങ്ങള്‍ക്കെ് ഇന്നസെന്‍റ് നല്‍കിയ മറുപടിയും വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയിരുന്നു.  തന്നോട് ആരും ഇതുസംബന്ധിച്ച് പരാതി പറഞ്ഞിട്ടില്ലെന്നും നടിമാര്‍ മോശമാണെങ്കില്‍ ചിലപ്പോള്‍ കിടക്ക പങ്കിടേണ്ടി വരുമെന്നുമായിരുന്നു ഇന്നസെന്‍റിന്‍റെ പ്രതികരണം. ഇത് വ്യാപകമായ എതിര്‍പ്പിന് വഴി വെച്ചിരുന്നു.


 

click me!