ആര്‍എസ്പിക്ക് ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകം; പ്രേമചന്ദ്രൻ ജയിക്കുമെന്ന് നേതാക്കള്‍

By Web TeamFirst Published Mar 27, 2019, 6:08 AM IST
Highlights

ആര്‍എസ്പിയുടെ കുത്തകയായിരുന്നു ഒരു കാലത്ത് കൊല്ലം.എൻ ശ്രീകണ്ഠൻ നായര്‍, ബേബി ജോണ്‍, കെ പങ്കജാക്ഷൻ, ആര്‍എസ് ഉണ്ണി തുടങ്ങിയ പ്രമുഖര്‍ നയിച്ച പ്രസ്ഥാനത്തിന് പക്ഷേ ഇന്ന് പഴയ പ്രൗഡിയില്ല

കൊല്ലം: ഒരു കാലത്ത് പ്രബലമായിരുന്ന ആര്‍ എസ് പി എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാവി നിര്‍ണ്ണയിക്കുന്ന തെരഞ്ഞെടുപ്പ് കൂടിയാകും ഇത്തവണത്തേത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് കൂടുമാറിയ ആര്‍എസ്പിക്ക് അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടായിട്ടുള്ളത്.

ആര്‍എസ്പിയുടെ കുത്തകയായിരുന്നു ഒരു കാലത്ത് കൊല്ലം.എൻ ശ്രീകണ്ഠൻ നായര്‍, ബേബി ജോണ്‍, കെ പങ്കജാക്ഷൻ, ആര്‍എസ് ഉണ്ണി തുടങ്ങിയ പ്രമുഖര്‍ നയിച്ച പ്രസ്ഥാനത്തിന് പക്ഷേ ഇന്ന് പഴയ പ്രൗഡിയില്ല. 2014 ല്‍ കൊല്ലം പാര്‍ലമെന്‍റ് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി യുഡിഎഫിലെത്തിയെങ്കിലും നഷ്ടക്കണക്കാണ് പറയാനുള്ളത്.2014 ല്‍ എൻ കെ പ്രേമചന്ദ്രൻ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ 37649 വോട്ടുകള്‍ തോല്‍പ്പിച്ചെങ്കിലും പിന്നീട് വന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെര‍ഞ്ഞെടുപ്പിലും അടിതെറ്റി.

എല്‍ഡിഎഫിലുണ്ടായിരുന്നപ്പോള്‍ 25 പഞ്ചായത്തുകളില്‍ അംഗങ്ങളും ചില സ്ഥലങ്ങളില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനങ്ങളുമുണ്ടായിരുന്നു. പക്ഷേ പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചായത്ത് അംഗങ്ങളുടെ എണ്ണം രണ്ടായി കുറഞ്ഞു.കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ എണ്ണം ഒൻപതില്‍ നിന്നും രണ്ടായി. എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്നപ്പോള്‍ ഇരവിപുരം, ചവറ, കുന്നത്തൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ആര്‍എസ്പിക്കുണ്ടായിരുന്നു.

യുഡിഎഫിനൊപ്പം ചേര്‍ന്നതിന് ശേഷം ഇരവിപുരവും ചവറയും നഷ്ടമാകുകയും കുന്നത്തൂരില്‍ കോവൂര്‍ കുഞ്ഞുമോൻ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിക്കുകയും ചെയ്തു.കൂടാതെ മത്സരിച്ച ആറ്റിങ്ങലിലും കയ്പ്പമംഗലത്തും പരാജയം നേരിട്ടു എൻകെ പ്രേമചന്ദ്രനാണ് എംപിയാണ് നിലവില്‍ അവരുടെ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധി. ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന പരിഹാസത്തിന് ആര്‍എസ്പിക്ക് ഇക്കുറി മറുപടി ഉണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്

click me!