'എന്‍റെ ശൈലി മാറില്ല', ശബരിമല ജനവിധിയെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

By Web TeamFirst Published May 25, 2019, 1:37 PM IST
Highlights

ബിജെപിക്ക് ബദലായി കോൺഗ്രസാണ് അധികാരത്തിൽ എത്തേണ്ടതെന്ന് ഒരു വിഭാഗം ജനങ്ങൾ കരുതി. അത് യുഡിഎഫിന് വോട്ടായി മാറി. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉപയോഗിക്കാൻ ചില ശക്തികൾ ശ്രമിച്ചു, അത് വിശദമായി പരിശോധിക്കുമെന്ന് പിണറായി. 

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിട്ടില്ലെന്നും ഇടതുമുന്നണിക്കെതിരായ ജനവിധിയുടെ കാരണം അതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില ശക്തികൾ വിശ്വാസപരമായ കാര്യങ്ങളിൽ തെറ്റിദ്ധാരണ പരത്തിയിട്ടുണ്ട്. അത് പാർട്ടി വിശദമായി വിലയിരുത്തും. ഈ ജനവിധിയുടെ പശ്ചാത്തലത്തിൽ തന്‍റെ ശൈലി മാറ്റില്ല, രാജി വയ്ക്കുകയുമില്ല. ഇത് സർക്കാരിനെതിരായ ജനവിധിയല്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു പിണറായി. 

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കേരളാ കോൺഗ്രസ് ബി നേതാവ് ബാലകൃഷ്ണപിള്ളയും പറഞ്ഞ സാഹചര്യത്തിലും പിണറായി ഈ വാദം തള്ളിക്കളയുകയാണ്. ''ഈ ഫലം സിപിഎമ്മിന്‍റെ ബഹുജന പിന്തുണയ്ക്ക് ഭീഷണിയായിട്ട് കാണുന്നില്ല. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതെയായിട്ടുമില്ല. എൻഎസ്എസ് സമദൂര സിദ്ധാന്തം പാലിച്ചിട്ടുണ്ട് എന്ന് തന്നെയാണ് കാണുന്നത്. തെരഞ്ഞെടുപ്പ് ഫലം പ്രാദേശിക കമ്മിറ്റികൾ മുതൽ സംസ്ഥാനസമിതി വരെ പരിശോധിക്കും. അതിന് ശേഷം കൂടുതൽ പറയാം'', പിണറായി പറഞ്ഞു. 

ഈ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തിൽ ഒരു ശൈലീമാറ്റമുണ്ടാകുമോ എന്ന ചോദ്യത്തിന് ചിരിയോടെ മറുപടി ഇങ്ങനെ: ''എന്‍റെ ശൈലി അത് തന്നെയായിരിക്കും, അതിലൊരു മാറ്റവുമുണ്ടാകില്ല. ഞാൻ ഈ നിലയിലെത്തിയത് എന്‍റെ ശൈലിയിലൂടെയാണ്. അത് മാറില്ല.''

ശബരിമലയിലെ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏത് സർക്കാരും ബാധ്യസ്ഥരാണ്. അത് തന്നെയാണ് സംസ്ഥാനസർക്കാരും ചെയ്തത്. കേന്ദ്രസർക്കാരിനും അതിൽ വേറെ ഒരു വഴിയുണ്ടായിരുന്നില്ല. ശബരിമലയിൽ പ്രശ്നമുണ്ടാകുമെന്നും നിരോധനാജ്ഞ വേണമെന്നും പറഞ്ഞത് കേന്ദ്രസർക്കാർ തന്നെയാണെന്നതിന് തെളിവ് കാണിച്ചതാണ്. രാജ്യത്തെ നിയമം അനുസരിക്കുക എന്നത് ഏത് സർക്കാരിന്‍റെയും ഉത്തരവാദിത്തമാണെന്നും പിണറായി വിജയൻ പറഞ്ഞു.

''ശബരിമല ബാധിക്കുമായിരുന്നെങ്കിൽ ഗുണഫലം കിട്ടേണ്ടത് ബിജെപിക്കായിരുന്നില്ലേ? പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പോയില്ലേ? അതുകൊണ്ട് അത്തരം വാദങ്ങളിൽ കഴമ്പില്ല'', പിണറായി പറഞ്ഞു. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സംഭവിച്ചത് തിരിച്ചടിയാണ്. പക്ഷേ ഇത് സ്ഥായിയായ ഒന്നായി പാർട്ടി കണക്കാക്കുന്നില്ല. ബിജെപിക്ക് ബദലായി കോൺഗ്രസ് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ആ വോട്ട് നേരിട്ട് കോൺഗ്രസിന് കൊടുക്കുന്നതാണ് നല്ലതെന്ന് ജനങ്ങൾ കരുതിയിരിക്കണം. അതാണ് തിരിച്ചടിയായത് - പിണറായി പറഞ്ഞു. 

രാഹുലിനെതിരെ പിണറായി

അമേഠിയിൽ തോൽക്കുമെന്ന് ഭയന്ന് കേരളത്തിലേക്ക് മത്സരിക്കാൻ വന്നതാണ് രാഹുൽ ഗാന്ധിയെന്ന് ജനങ്ങൾക്ക് മനസ്സിലായില്ലെന്ന് പിണറായി വിജയൻ. തെരഞ്ഞെടുപ്പിൽ തോൽവിക്കിടയാക്കിയ, തെരഞ്ഞെടുപ്പിന്‍റെ പ്രചാരണ വേളയിൽ മനസ്സിലാക്കാൻ കഴിയാത്ത ചില ഘടകങ്ങളുണ്ട്. രാജ്യത്തിന്‍റെ ഭാവിയിൽ പൊതുവിൽ എല്ലാവർക്കും ഉത്കണ്ഠയുണ്ട്. മോദി ഭരണം വീണ്ടും വരരുത് എന്ന് വിചാരിച്ച നല്ല വിഭാഗം ജനങ്ങൾ കേരളത്തിലുണ്ട്. അവരിൽ നല്ലൊരു വിഭാഗം ഞങ്ങൾക്ക് വോട്ട് ചെയ്യുന്നവരുമുണ്ട്.

കോൺഗ്രസിനാണ് ബിജെപിക്ക് ബദലാകാൻ കഴിയുക. അപ്പോൾ കോൺഗ്രസിന് വോട്ട് ചെയ്യുന്നതാകും നല്ലതെന്ന് അവർ കരുതിയിരിക്കണം. ഇത് ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണല്ലോ. രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തിയപ്പോൾ, ആരോട് മത്സരിക്കാനാണ് വരുന്നതെന്ന് ഞങ്ങൾ ചോദിച്ചിരുന്നു. ഇടതിനെ തകർക്കാനാണ് വരുന്നതെന്ന സന്ദേശമല്ലേ രാഹുലിന്‍റെ സ്ഥാനാർത്ഥിത്വം എന്നായിരുന്നു ഞങ്ങളുടെ ചോദ്യം. 

രാഹുൽ ജയിക്കാനുള്ള സീറ്റ് തേടി വന്നതാണെന്ന് അന്ന് ജനങ്ങൾക്ക് മനസ്സിലായില്ല. രാഹുൽ ഭരണത്തിന് നേതൃത്വം നൽകാൻ പോകുമ്പോൾ തെക്കേ ഇന്ത്യ കൂടി മത്സരിക്കാൻ വരികയാണെന്നാണ് ജനങ്ങൾ കരുതിയത്. ഈ തെറ്റിദ്ധാരണയുടെ ഭാഗമായി ഞങ്ങൾക്ക് ലഭിക്കുമായിരുന്ന ഒരു വിഭാഗം വോട്ട് കോൺഗ്രസിന് പോയി - പിണറായി പറഞ്ഞു. 

click me!