കര്‍ക്കറയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം: പ്രഗ്യ സിങ് താക്കൂറിനെതിരെ കേസ്

By Web TeamFirst Published Apr 21, 2019, 9:32 AM IST
Highlights

2011 ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യ പറഞ്ഞത്

ഭോപ്പാല്‍:  മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിയായ മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ പ്രഗ്യ സിങ് താക്കൂറിനെതിരെ കേസ്. കോണ്‍ഗ്രസിന്‍റെ പരാതിയില്‍ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്.
സമാന പരാമര്‍ശത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പ്രജ്ഞ സിങ്ങിന് നോട്ടീസയച്ചിരുന്നു. പ്രഗ്യ സിങ് താക്കൂറിന്റെ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

2011 ലെ മുംബൈ ഭീകരാക്രണണത്തില്‍ കൊല്ലപ്പെട്ട ഭീകര വിരുദ്ധ സേനാ തലവന്‍ ഹേമന്ത് കര്‍ക്കറയ്ക്ക് ജീവന്‍ നഷ്ടപ്പെട്ടത് തന്റെ ശാപം കൊണ്ടാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഭോപ്പാലിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രഗ്യ പറഞ്ഞത്. തന്നെ വേട്ടയാടിയതിന്റെ കര്‍മഫലമാണ് ഐ.പി.എസ് ഉദ്യോഗസ്ഥനായ കര്‍ക്കരെ അനുഭവിച്ചതെന്നും അദ്ദേഹത്തെ താന്‍ ശപിച്ചിരുന്നെന്നുമാണ് പ്രഗ്യ സിങ് ഭോപാലില്‍ ബി.ജെ.പി പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞത്. 

പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമീഷന്‍ രംഗത്തുവരികയും ബി.ജെ.പി കൈവിടുകയും ചെയ്തതോടെ പ്രഗ്യ സിങ് പ്രസ്താവനയില്‍ മലക്കം മറിഞ്ഞിരുന്നു. പ്രഗ്യ സിങ്ങ് താക്കൂറിനെ ഭോപാലില്‍ നിന്നും തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സയ്യിദ് അസറിന്റെ പിതാവ് നിസാര്‍ അഹ്മദ് സയ്യിദ് ബിലാല്‍ എന്‍.ഐ.എ കോടതിയില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

click me!