പത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ നൽകിയ ഹർജി: തെര. കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

By Web TeamFirst Published May 8, 2019, 11:57 AM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് എഴുതിയതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂറിന്‍റെ പത്രിക തള്ളിയത്.

ദില്ലി: തേജ് ബഹാദൂർ യാദവിന്‍റെ നാമനിർദ്ദേശ പത്രിക തള്ളിയ നടപടിയിൽ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി. നടപടി പരിശോധിച്ച ശേഷം നാളെ മറുപടി നൽകാനാണ് കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് തേജ് ബഹാദൂറിന് വേണ്ടി ഹാജരായത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ മല്‍സരിക്കാനാണ് തേജ് ബഹാദൂര്‍ പത്രിക നല്‍കിയിരുന്നത്. സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് എഴുതിയതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തേജ് ബഹാദൂറിന്‍റെ പത്രിക തള്ളിയത്.

അഴിമതി കേസിലാണോ സൈന്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ചോദ്യത്തിന് ആദ്യം അതേ എന്നായിരുന്നു തേജ് ബഹാദൂര്‍ യാദവ് നൽകിയ മറുപടി. പിന്നീട് പിഴവ് പറ്റിയെന്ന് ചൂണ്ടിക്കാട്ടി അത് തിരുത്തുകയും ചെയ്തു. ഇതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് തേജ് ബഹാദൂറിന്‍റെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ആദ്യം സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയ തേജ് ബഹാദൂര്‍ പിന്നീട് എസ്പി-ബിഎസ്പി-ആര്‍എൽഡി സഖ്യ സ്ഥാനാർത്ഥിയായി പുതിയ പത്രിക നൽകുകയായിരുന്നു. 

സൈന്യത്തിലെ അഴിമതി സാമൂഹ്യമാധ്യമങ്ങളിലൂടെ വിളിച്ചുപറഞ്ഞതിന് 2017ലാണ് തേജ് ബഹാദൂര്‍ യാദവിനെ ബിഎസ്എഫ് പുറത്താക്കിയത്. പ്രതിഷേധ സൂചകമായാണ് തേജ് ബഹദൂര്‍ പ്രധാനമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിയായി എത്തിയത്. മുൻ സൈനികനെ സ്ഥാനാര്‍ത്ഥിയാക്കി മോദിയെ പ്രതിരോധത്തിലാക്കാനുള്ള മഹാസഖ്യത്തിന്‍റെ നീക്കം കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനത്തോടെ പൊളിഞ്ഞത്. 

click me!