ബിജെപി നേതാവ് ശത്രുഘൻ സിൻഹ കോൺഗ്രസിലേക്ക്; ബിജെപിക്ക് എതിരെ മത്സരിക്കും

By Web TeamFirst Published Mar 28, 2019, 6:10 PM IST
Highlights

പ്രസംഗവേദികളിൽ തീപ്പൊരിയായിരുന്ന മുൻ കേന്ദ്രമന്ത്രി ശത്രുഘൻ സിൻഹ ബിജെപിയിലെ 'ഷോട്ട് ഗൺ' എന്നാണ് അറിയപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ട് കോൺഗ്രസിൽ ചേരാൻ താൽപ്പര്യം അറിയിച്ച ശത്രുഘൻ സിൻഹ മൂന്ന് പതിറ്റാണ്ടിന്‍റെ ബിജെപി ബന്ധം ഉപേക്ഷിച്ച് ഏപ്രിൽ ആറിന് കോൺഗ്രസ് അംഗത്വമെടുക്കും.

പാറ്റ്ന: മൂന്ന് പതിറ്റാണ്ടുകാലം നീണ്ട ബിജെപി ബന്ധം ഉപേക്ഷിച്ച് മുൻ കേന്ദ്രമന്ത്രി ശത്രുഘൻ സിൻഹ കോൺഗ്രസിൽ ചേരാൻ തീരുമാനിച്ചു. ദീർഘകാലമായി മോദി- ബിജെപി വിമർശകനായിരുന്നു ശത്രുഘ്നൻ സിൻഹ. രാഹുൽ ഗാന്ധിയെ നേരിട്ടുകണ്ട് കോൺഗ്രസിൽ ചേരാൻ താൽപ്പര്യം അറിയിച്ച ശത്രുഘൻ സിൻഹ രാഹുൽ ഗാന്ധി തന്നെ ഹാർദ്ദമായി സ്വീകരിച്ചെന്നും ഉടൻ കോൺഗ്രസിൽ ചേരുമെന്നും വ്യക്തമാക്കി. ഏപ്രിൽ ആറിന് ശത്രുഘൻ സിൻഹ കോൺഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവ് ശക്തിസിൻഹ് ഗോഹിൽ ട്വീറ്റ് ചെയ്തു.

മുൻ ബോളിവുഡ് താരമായ ശത്രുഘൻ സിൻഹ വാജ്പേയി മന്ത്രിസഭയിൽ ആരോഗ്യ, കുടുംബക്ഷേമ, ഷിപ്പിംഗ് വകുപ്പുകൾ കൈകാര്യം ചെയ്ത മന്ത്രിയായിരുന്നു. മോദിയുടെ നയങ്ങളെ ഏറെക്കാലമായി ബിജെപിക്ക് ഉള്ളിൽ നിന്നുകൊണ്ട് തുറന്ന് എതിർക്കുകയായിരുന്നു ശത്രുഘൻ സിൻഹ. കൊൽക്കത്തയിൽ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിച്ച റാലിയിലും ശത്രുഘൻ സിൻഹ പങ്കെടുത്തിരുന്നു. അതോടെ ബിജെപിയിൽ നിന്ന് അദ്ദേഹം പുറത്തേക്കാണെന്ന് വ്യക്തമായെങ്കിലും എവിടേക്കെന്നോ എപ്പോഴെന്നോ സൂചന നൽകിയിരുന്നില്ല.

പാറ്റ്ന സാഹിബ് മണ്ഡലത്തിൽ നിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശത്രുഘൻ സിൻഹയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നൽകിയില്ല. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് ഇത്തവണ പാറ്റ്ന സാഹിബ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. ഇതേ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി ശത്രുഘൻ സിൻഹ ഇത്തവണ മത്സരിക്കുമെന്നാണ് സൂചന. ശക്തിയുള്ള വാക്പ്രയോഗങ്ങൾ കൊണ്ട്
പ്രസംഗവേദികളിൽ ബിജെപിയുടെ തീപ്പൊരിയായിരുന്ന ശത്രുഘൻ സിൻഹ ബിജെപിയിലെ 'ഷോട്ട് ഗൺ' എന്നാണ് അറിയപ്പെട്ടിരുന്നത്.

കുറിക്കുകൊള്ളുന്ന മറുപടികൾ കൊണ്ട് കോൺഗ്രസ് നേതാക്കളെ നിഷ്പ്രഭരാക്കിയിരുന്ന ശത്രുഘൻ സിൻഹയ്ക്ക് ഇപ്പോൾ കോൺഗ്രസിനെ പുകഴ്ത്താൻ നൂറുനാവ്. "രാഹുൽ പ്രായത്തിൽ എന്നേക്കാൾ ഇളയതാണ്. പക്ഷേ അദ്ദേഹമിന്ന് രാജ്യത്തെ ജനകീയ നേതാവാണ്. ഞാൻ നെഹ്രു കുടുംബത്തെ പിന്തുണയ്ക്കുന്നു. അവരെ രാഷ്ട്രനിർമ്മാതാക്കളായാണ് ഞാൻ കാണുന്നത്." ബിജെപിയിൽ ഏകാധിപത്യമാണ് നടക്കുന്നതെന്നും രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന പാർട്ടി കോൺഗ്രസാണെന്നും ശത്രുഘൻ സിൻഹ പറഞ്ഞു.

click me!