രാഹുലിന്‍റെ വരവ് സാധ്യമാകുമോ? എന്തായാലും വയനാട്ടിലേക്ക് പ്രചാരണത്തിന് യച്ചൂരിയില്ല

By Web TeamFirst Published Mar 27, 2019, 9:25 AM IST
Highlights

മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ 20 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി എത്തും. ഇവര്‍ക്കൊപ്പം എം എ ബേബി, എസ് രാമചന്ദ്രന്‍ പിള്ള, മന്ത്രിമാര്‍ എന്നിവരും പ്രചാരണത്തിനായി മണ്ഡലങ്ങളില്‍ എത്തും

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ എല്‍ഡിഎഫ് പ്രചാരണത്തിനായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ചുരം കയറിയെത്തില്ല. 31ന് തുടങ്ങുന്ന സിപിഎം നേതാക്കളുടെ പ്രചാരണത്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ടപ്പോഴാണ് യച്ചൂരി വയനാട്ടില്‍ എത്തില്ലെന്ന് ഉറപ്പായത്.

സിപിഎം ജനറല്‍ സെക്രട്ടറി 16 മണ്ഡലങ്ങളില്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യതാനന്ദന്‍ ഇത്തവണ എട്ട് മണ്ഡലങ്ങളിലാണ് പ്രചാരണത്തിനെത്തുക. കണ്ണൂരിലേക്ക് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിഎസ് എത്തുന്നുമില്ല. 

യച്ചൂരി വരാതിരിക്കുമ്പോള്‍ വയനാട്ടിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരിക്കും പങ്കെടുക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ 20 മണ്ഡലങ്ങളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായി എത്തും.

ഇവര്‍ക്കൊപ്പം എം എ ബേബി, എസ് രാമചന്ദ്രന്‍ പിള്ള, മന്ത്രിമാര്‍ എന്നിവരും പ്രചാരണത്തിനായി മണ്ഡലങ്ങളില്‍ എത്തും. ഏപ്രില്‍ ഒന്നിനാണ് വിഎസിന്‍റെ പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. ആറ്റിങ്ങലില്‍ ആരംഭിച്ച് 20ന് ആലത്തൂരിലാണ് പ്രചാരണം അവസാനിക്കുക. കോഴിക്കോടും മലപ്പുറത്തും വിഎസ് എത്തുമ്പോള്‍ വടകരയിലും പൊന്നാനിയിലും അദ്ദേഹം എത്തില്ല.

31ന് തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ് സീതാറാം യച്ചൂരിയുടെ പ്രചാരണത്തിന് തുടക്കമാവുക. 20ന് കാസര്‍കോഡ് സമാപിക്കും. ഏപ്രില്‍ ഒന്നിന് ചാലക്കുടിയില്‍ തുടങ്ങി 14ന് ആറ്റിങ്ങലിലാണ് മുഖ്യമന്ത്രിയുടെ പ്രചാരണം അവസാനിക്കുക. 

click me!