പാകിസ്ഥാനെ ആക്രമിക്കാൻ കഴിയുന്ന പ്രധാനമന്ത്രിയെ വേണം: ബിജെപി സഖ്യത്തെക്കുറിച്ച് ശിവസേന മേധാവി ഉദ്ധവ് താക്കറേ

By Web TeamFirst Published Apr 20, 2019, 2:21 PM IST
Highlights

''പാകിസ്ഥാനെ ആക്രമിക്കാൻ തക്ക ശക്തനായ ഒരു പ്രധാനമന്ത്രിയെ ശിവസേനയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാണ് ബിജെപിയുമായി സഖ്യത്തിലാകാൻ ഞങ്ങൾ തീരുമാനിച്ചത്.'' ഉദ്ധവ് താക്കറേ പറഞ്ഞു. 

ഔറം​ഗബാദ്: പാകിസ്ഥാനെതിരെ പോരാടാൻ ചങ്കുറപ്പുള്ള ഒരു പ്രധാനമന്ത്രിയെ ആവശ്യമുള്ളത് കൊണ്ടാണ് ബിജെപിയുമായി സഖ്യത്തിന് തയ്യാറായതെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറേ. ''പാകിസ്ഥാനെ ആക്രമിക്കാൻ തക്ക ശക്തനായ ഒരു പ്രധാനമന്ത്രിയെ ശിവസേനയ്ക്ക് ആവശ്യമായിരുന്നു. അതുകൊണ്ടാണ് ബിജെപിയുമായി സഖ്യത്തിലാകാൻ ഞങ്ങൾ തീരുമാനിച്ചത്.'' ഔറം​ഗബാദിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ ഉദ്ധവ് താക്കറേ പറഞ്ഞു. 

ജമ്മു കാശ്മീരും മറ്റ് സംസ്ഥാനങ്ങളുമായും നിലനിൽക്കുന്ന വ്യത്യാസം ഇല്ലാതാകണം. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 ൽ കോൺ​ഗ്രസിന്റെ നിലപാടിനെ ഉദ്ധവ് താക്കറേ വിമർശിക്കുകയും ചെയ്തു. ''ആർട്ടിക്കിൾ 370 എടുത്തുകളയാൻ കോൺ​ഗ്രസ് തയ്യാറല്ല. ഈ ആർട്ടിക്കൾ എടുത്തുകളയുകയാണെങ്കിൽ മെഹബൂബ മുഫ്തി, ഫറൂഖ് അബ്ദുള്ള എന്നീ നേതാക്കൾ പറയുന്നത് ത്രിവർണ്ണ പതാകയെ ബഹുമാനിക്കില്ല എന്നാണ്.'' ഉദ്ധവ് താക്കറെ വെളിപ്പെടുത്തുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുകയാണെങ്കിൽ പുതിയ ആവശ്യങ്ങളെക്കുറിച്ചും ഇന്ത്യയിൽ തുടരണമോ എന്ന കാര്യത്തിലും തീരുമാനമെടുക്കേണ്ടി വരും എന്നായിരുന്നു മെഹബൂബ മുഫ്തിയുടെ പ്രതികരണം. 

കനയ്യകുമാറിന്റെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചും ഉദ്ധവ് താക്കറേ വിമർശനമുന്നയിച്ചു. കനയ്യകുമാർ വിഘടനവാദിയാണെന്നും അത്തരമൊരാൾ ലോക്സഭയിലെത്തുന്നത് ദു:ഖകരമാണെന്നുമായിരുന്നു താക്കറേയുടെ അഭിപ്രായ പ്രകടനം. സിപിഐ ടിക്കറ്റിൽ ബീഹാറിലെ ബെ​ഗുസരായിൽ നിന്നാണ് കനയ്യകുമാർ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. 

click me!