ആറാം ഘട്ടത്തിൽ അറുപത് ശതമാനം പോളിംഗ്; ദില്ലിയില്‍ തണുത്ത പ്രതികരണം; ബംഗാളിൽ വ്യാപക അക്രമം

By Web TeamFirst Published May 12, 2019, 7:38 PM IST
Highlights

ബിജെപി തൃണമൂൽ ഏറ്റമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. 6 മണി വരെ 60 ശതമാനമാണ് പോളിങ്. വൈകി പോളിംഗ് ബൂത്തിലെത്തിയ ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‍‍വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല. 

ദില്ലി: ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബിജെപി തൃണമൂൽ ഏറ്റമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.
6 മണി വരെ 60 ശതമാനമാണ് പോളിങ്. വൈകി പോളിംഗ് ബൂത്തിലെത്തിയ ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ്‍‍വിജയ് സിംഗിന് വോട്ട് ചെയ്യാനായില്ല. 

ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടത്തിയ ജാഡ് ഗ്രാം ജില്ലയിലാണ് കഴിഞ്ഞ രാത്രിയിൽ ബിജെപി പ്രവര്‍ത്തകനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ജാഡ് ഗ്രാമിലുണ്ടായി ഏറ്റുമുട്ടലിൽ നിരവധി ബിജെപി തൃണമൂൽ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മേദിനിപ്പൂരിലെ കാന്തിയിൽ തൃണമൂൽ പ്രവര്‍ത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. മേദിനിപ്പൂരിൽ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. 

ബാങ്കുടയിലും ബിജെപി തൃണമൂൽ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഘട്ടാലിലെ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോഷിനെ ഘോഷിന്‍റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി. സ്ഥാനാര്‍ഥി ബൂത്തിൽ പ്രവേശിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഭാരതി ഘോഷിന്‍റെ സുരക്ഷാ ജീവനക്കാരെന്‍റെ തോക്കിൽ നിന്ന് വെടിയേറ്റ് തൃണമൂൽ പ്രവര്‍ത്തകന് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ വിശദീകരണം തേടി. ആയുധധാരിയായ സുരക്ഷാ ഉദ്യോഗസ്ഥനുമായി ബൂത്തിൽ കടന്ന ഭാരതി ഘോഷിനെതിരെ കേസെടുക്കാനും കമ്മിഷൻ നിര്‍ദേശിച്ചു

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ തകരാറു കാരണം ആറാം ഘട്ടത്തിലും വോട്ടെടുപ്പ് വൈകി. തകരാറിലായ ഇവിഎമ്മുകള്‍ വോട്ടെടുപ്പിന് ഉപയോഗിച്ചതിനെതിരെ ആം അദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരമാണ് ദില്ലിയിലെങ്കിലും തലസ്ഥാനത്തെ വോട്ടര്‍മാരുടേത് തണുപ്പന്‍ പ്രതികരണമായിരുന്നു. ചില ബൂത്തുകളില്‍ മാത്രമാണ് നീണ്ട നിരകാണാനായത്. 

രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കൂടാതെ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി , കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രിയങ്ക ഗാന്ധി , കേന്ദ്രമന്ത്രി സുഷമ സ്വരാജ് , ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ , പ്രകാശ് കാരാട്ട് , ബിജെപി സ്ഥാനാര്‍ഥി ഗൗതം ഗംഭീര്‍ തുടങ്ങിയ പ്രമുഖര്‍ ദില്ലിയില്‍ വോട്ടു ചെയ്തു. 

വെറുപ്പും വിഷവും പരത്തുന്നവര്‍ക്ക് വോട്ടു ചെയ്യരുതെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്‍റെ ആഹ്വാനം.  നിരവധി ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ തകരാറു കാരണം ദില്ലിയിലെ ചില ബൂത്തുകളിലും വോട്ടെടുപ്പ് വൈകി. അതിനിടെ ദില്ലി സൗത്ത് മണ്ഡലത്തിലെ സംഗം വിഹാറില്‍ കള്ള വോട്ടു നടന്നെന്ന ആരോപണവുമായി എഎപി സ്ഥാനാര്‍ഥി രാഘവ് ഛദ്ദ രംഗത്തെത്തി. ക്രിക്കറ്റ് താരം വിരാട് കോഹ് ലി ഹരിയാനയിലെ ഗുരുഗ്രാമത്തിലാണ് വോട്ടു ചെയ്തത്. 

click me!