രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങളുടെ നാടകമെന്ന് മുല്ലപ്പള്ളി

By Web TeamFirst Published Mar 29, 2019, 10:24 AM IST
Highlights

'രാഹുൽ വരുമെന്ന് കേട്ടതോടെ ഇടതുപക്ഷത്തിന്‍റെ ഉറക്കം കെട്ടു. വരവ് മുടക്കാൻ ദില്ലി കേന്ദ്രീകരിച്ച് ചില പ്രസ്ഥാനങ്ങൾ ഗൂഢാലോചന നടത്തുന്നു.', എന്ന് മുല്ലപ്പള്ളി. 

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനുള്ള സാധ്യത തീരെ മങ്ങിയിട്ടും, രാഹുൽ വരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഉറപ്പിച്ചു പറഞ്ഞ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുലിന്‍റെ സ്ഥാനാർത്ഥിത്വത്തിൽ ചില നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ടെന്നും അതുണ്ടായാൽ പ്രഖ്യാപനം വരുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

ഇതിനിടെ ഇടതുപക്ഷത്തിനെതിരെ മുന വച്ച ആരോപണവും മുല്ലപ്പള്ളി നടത്തി. രാഹുൽ വരാതിരിക്കാൻ ദില്ലിയിൽ ചില പ്രസ്ഥാനങ്ങൾ ഗൂഢാലോചന നടത്തുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ വെളിപ്പെടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. രാഹുൽ വരുന്നതോടെ ഇടതുപക്ഷത്തിന്‍റെ ഉറക്കം കെട്ടിരിക്കുകയാണ്. രാഹുൽ കേരളത്തിൽ മത്സരിക്കാൻ വരരുതെന്ന് പറയാൻ മുഖ്യമന്ത്രിക്ക് എന്താണ് അവകാശം? ഇങ്ങനെയൊരു പ്രസ്താവന നടത്തിയതെന്തിനെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. 

രാഹുൽ വരുമെന്ന് പറഞ്ഞിട്ടില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല. അങ്ങനെ പറയാൻ സാധ്യതയില്ല. എല്ലാ യുഡിഎഫ് പ്രവർത്തകരും ഒറ്റക്കെട്ടായാണ് രാഹുൽ വരണമെന്ന് ആവശ്യപ്പെട്ടതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

എന്നാൽ രാഹുൽ വരുമെന്നതിൽ തീരുമാനം വൈകുമ്പോൾ വയനാട്ടിൽ പ്രവർത്തകർ നിരാശയിലാണെന്നായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാ‍ർത്ഥി കെ മുരളീധരന്‍റെ പ്രതികരണം. വടകരയിലെ പ്രഖ്യാപനം വൈകുന്നതിൽ ആശങ്കയില്ല. എണ്ണയിട്ട യന്ത്രം പോലെ വടകരയിൽ പ്രചാരണം മുന്നേറുകയാണെന്നും മുരളീധരൻ വ്യക്തമാക്കി. 

എന്തായാലും നാല് ദിവസമായി ആകെ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിലാണ്. ദക്ഷിണ ഇന്ത്യയിൽ ഒരു സീറ്റിൽ കോൺഗ്രസ് അധ്യക്ഷൻ മത്സരിച്ചേക്കുമെന്നും കേരളം അത് ആവശ്യപ്പെടണമെന്നും മാത്രമാണ് ദില്ലിയിൽ നിന്നെത്തിയ സന്ദേശം. അതിനെ ഉമ്മൻചാണ്ടി രാഹുൽ വരുന്നെന്നാക്കി. ചെന്നിത്തല ഉറപ്പിച്ചു. മുല്ലപ്പള്ളി അടിവരയിട്ടു. 

ഇപ്പോൾ പ്രഖ്യാപനം വൈകുകയാണ്. ഇനിയെന്ത് വേണമെന്ന് ചർച്ച ചെയ്യാൻ ഇന്നലെ കോൺഗ്രസ് പ്രവർത്തകസമിതി യോഗം ചേർന്നിരുന്നു. ഘടകകക്ഷികൾക്ക് ഇപ്പോഴേ അതൃപ്തി തുടങ്ങി. തീരുമാനം വേഗം വേണമെന്ന് വയനാട് ഡിസിസി അടക്കം ആവശ്യവും ഉന്നയിച്ച് കഴിഞ്ഞു. 

click me!