'ചൗകീദാറി'നെയും 'ന്യായി'നെയും കടന്നാക്രമിച്ച് ബഹൻജിയും അഖിലേഷും, യുപിയിൽ എസ്‍പി - ബിഎസ്‍പി ശക്തിപ്രകടനം

By Web TeamFirst Published Apr 7, 2019, 4:19 PM IST
Highlights

ഉത്തർപ്രദേശിൽ ആദ്യമായി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും സംയുക്തമായി നേതൃത്വം നൽകിയ മഹാറാലിയിലാണ് ബിജെപിയെയും കോൺഗ്രസിനെയും ഇരുവരും രൂക്ഷമായി വിമർശിച്ചത്. 

ദിയോബന്ധ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് റാലി. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും  ഉത്തർപ്രദേശിൽ ആദ്യമായി സംയുക്തമായി നേതൃത്വം നൽകിയ മഹാറാലിയിലാണ് ബിജെപിയെയും കോൺഗ്രസിനെയും ഇരുവരും രൂക്ഷമായി വിമർശിച്ചത്. 

ബിജെപിയും കോൺഗ്രസും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. മാറ്റത്തെ ഉൾക്കൊള്ളാൻ ശ്രമിക്കാത്ത കോൺഗ്രസ് എപ്പോഴും അധികാരത്തിന് പിറകെയാണെന്നും  റാലിയിൽ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട്‍വെക്കുന്നത്. പ്രധാനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണ്. ബിജെപിയും കോൺഗ്രസും ജാതി രാഷ്ട്രീയത്തിന്‍റെ വക്താക്കളാണെന്നും ബഹുജൻ സമാജ്‍വാദി പാർട്ടി അധ്യക്ഷ മായാവതി വിമർശിച്ചു.

''കർഷക വിരുദ്ധ പാർട്ടിയാണ് ബിജെപി. കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണത്തിലൂടെ തൊഴിലാളികളും കർഷകരും വലിയ ദുരിതമാണ് അനുഭവിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പോടെ മോദിയുടെ നാടകം ജനം അവസാനിപ്പിക്കും''-റാലിക്കെത്തിയെ ജനലക്ഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മായാവതി പറഞ്ഞു.

വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ബിജെപിയും കോൺഗ്രസും തികഞ്ഞ പരാജയമാണെന്ന് വിമർശിച്ച മായാവതി, പിന്നോക്കക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും ക്ഷേമത്തിനായാണ് ഉത്തർ പ്രദേശിൽ മഹാസഖ്യം രൂപീകരിച്ചതെന്നും കൂട്ടിച്ചേർത്തു.

ബിജെപിയെ കടന്നാക്രമിച്ച മായാവതി കോൺഗ്രസിനെയും രൂക്ഷമായ ഭാഷയിലാണ് വിമ‌ർശിച്ചത്. തെരഞ്ഞെടുപ്പിൽ  കോൺഗ്രസിന്‍റെ മുഖ്യ പ്രചാരണ വിഷയമായ ന്യായ് പദ്ധതി പൊളിഞ്ഞ വാഗ്ദാനമാണെന്നും ബിജെപിയുടേതിന് സമാനമായ ജാതി രാഷ്ട്രീയമാണ് കോൺഗ്രസിന്‍റെതെന്നും കുറ്റപ്പെടുത്തി.

പുൽവാമയിൽ സിആർപിഅഫ് ജവാൻമാർക്ക് നേരെയുണ്ടായ ആക്രമണത്തെപ്പോലും രാഷ്ട്രീയവത്കരിച്ചവരാണ് ബിജെപി. മുസ്ലീം വോട്ടുകൾ ഒരു കാരണവശാലും കോൺഗ്രസിന് ലഭിക്കരുതെന്നും അങ്ങനെ സംഭവിച്ചാൽ അതിന്‍റെ നേട്ടം ബിജെപിക്കാകുമന്നും മായാവതി മുന്നറിയിപ്പ് നൽകി.

രാജ്യം പുതിയ പ്രധാനമന്ത്രിയെയും സർക്കാരിനെയും ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ സമാജ്‍വാദി പാർട്ടി ആധ്യക്ഷൻ അഖിലേഷ് യാദവ് എസ്പി- ബിഎസ്പി സഖ്യത്തിലാണ് ജനങ്ങളുടെ പ്രതീക്ഷയെന്ന് വ്യക്തമാക്കിയാണ് പ്രസംഗം അവസാനിപ്പിച്ചത്.

മോദി ദളിതരുടെ തൊഴിലുകൾ ഇല്ലാതാക്കി. രാജ്യത്തിന്‍റെ അതിർത്തി സുരക്ഷിതമാണന്ന് പറയുന്ന ബിജെപിയുടെ പൊള്ളത്തരം ഇപ്പോൾ എല്ലാവർക്കും ബോധ്യമായി. നടപ്പാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നൽകി ബിജെപി ജനങ്ങളെ വഞ്ചിക്കുകയാണെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

click me!