പത്തനംതിട്ട ഡിസിസിയിൽ സീറ്റിനെച്ചൊല്ലി തമ്മിലടി: അടൂർ പ്രകാശിന്‍റെ നോമിനിക്കെതിരെ പഴകുളം മധു

By Web TeamFirst Published Sep 24, 2019, 4:57 PM IST
Highlights

അടൂർ പ്രകാശിന്‍റെ നോമിനിയായ പ്രമാടം പ‍ഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്ററിനെതിരെ ഡിസിസിയിൽ തുറന്ന എതിർപ്പുണ്ട്. കോന്നിയിലോ അരൂരിലോ ഈഴവ സ്ഥാനാർത്ഥിയെ നിർത്തണമെന്നതും കോൺഗ്രസിന് പ്രതിസന്ധിയാണ്. 

പത്തനംതിട്ട: കോന്നി സ്ഥാനാർത്ഥിയെചൊല്ലി പത്തനംതിട്ട ഡിസിസിയിൽ അഭിപ്രായ ഭിന്നത രൂക്ഷം. അടൂർ പ്രകാശ് എം.പിയുടെ നോമിനി സ്ഥാനാർത്ഥിയാകുന്നതിനെതിരെ  കെ.പി സിസി നിർവ്വാഹക സമിതി അംഗം പഴകുളം മധു ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.

പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിൻ പീറ്ററിനെ കോന്നിയിൽ സ്ഥാനാർത്ഥി ആക്കാൻ അടൂർ പ്രകാശ് എംപി ശ്രമിക്കുന്നുവെന്നാണ് ഡിസിസിയിലെ ഭൂരിപക്ഷം അംഗങ്ങളുടെയും പരാതി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ റോബിനെതിരെ അംഗങ്ങൾ  രംഗത്തെത്തിയിരുന്നു. 

സമൂഹ മാധ്യമങ്ങളെ ഉൾപ്പെടെ ഉപയോഗിച്ച് റോബിനായി പ്രചാരണം നടത്തുവെന്ന് പരാതി ഉയർന്നതിന് പിന്നാലെയാണ് പരസ്യ നിലപാടുമായി കെ.പി.സിസി അംഗം പഴകുളം മധു രംഗത്തെത്തിയത്. റോബിനൊപ്പം സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന നേതാവാണ് പഴകുളം മധു. 

സ്ഥാനാർത്ഥി വിഷയത്തിൽ പരസ്യ പ്രതികരണം വന്നതോടെ ഡിസിസി നേതൃത്വം ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി. സാമുദായിക  സമവാക്യം കൂടെ പരിഗണിച്ചാകണം സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കേണ്ടത് എന്ന് ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് പറഞ്ഞു. 

അടൂർ പ്രകാശിന്‍റെ അഭിപ്രായവും പരിഗണിക്കുമെങ്കിലും അന്തിമ തീരുമാനം കെ.പി.സിസിയുടേത് തന്നെയാണെന്നും  ബാബു ജോർജ്  വ്യക്തമാക്കി. സാമുദായിക സമവാക്യം പാലിക്കണമെന്ന് ചില സംഘടനകളും ഡിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

click me!