എംകെ രാഘവനെതിരായ കേസ്: പരാതിക്കാരന്‍റെ മൊഴി ഇന്ന് എടുക്കും

By Web TeamFirst Published May 7, 2019, 9:47 AM IST
Highlights

പതിനൊന്നിന് നോർത്ത് അസിസ്റ്റന്‍റ് കമ്മീഷണർ മുൻപാകെയാണ് പരാതി നല്‍കിയ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് മൊഴി നല്‍കുക

കോഴിക്കോട്: എം കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ കേസെടുത്ത പൊലീസ് പരാതിക്കാരൻ ഡി വൈ എഫ് ഐ നേതാവ് മുഹമ്മദ് റിയാസിന്‍റെ മൊഴി ഇന്നെടുക്കും. പതിനൊന്നിന് നോർത്ത് അസിസ്റ്റന്‍റ് കമ്മീഷണർ മുമ്പാകെയാണ് മൊഴി നൽകുന്നത്.

അന്വേഷണ സംഘം നേരത്തേ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയ ടിവി ചാനലിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ചാനലിന്‍റെ നോയ്ഡയിലെ ഓഫീസിൽ നിന്നാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചത്. 

വാർത്താ വിഭാഗം മേധാവിയുടേത് അടക്കം അഞ്ച് പേരുടെ മൊഴി എടുത്തു. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തെത്തുടർന്ന് അന്വേഷണം എത്രയും പെട്ടന്ന് തീർക്കണമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്ന നിർദേശം. ഇതിനെത്തുടർന്ന് അന്വേഷണം വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്. 

നേരത്തെ എം കെ രാഘവനെയും പ്രൈവറ്റ് സെക്രട്ടറിയേയും ചേംബറില്‍ വിളിച്ച് വരുത്തി കോഴിക്കോട് ജില്ലാ കളക്ടര്‍ മൊഴിയെടുത്തിരുന്നു. എം കെ രാഘവന്‍ എംപി,  പ്രൈവറ്റ് സെക്രട്ടറി ശ്രീകാന്ത് എന്നിവരുടെ മൊഴിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ജില്ല കളക്ടര്‍ വി സാംബശിവറാവു രേഖപ്പെടുത്തിയത്. വിവാദം സംബന്ധിച്ച് കളക്ടര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ട് പര്യാപ്തമല്ലെന്ന് കണ്ടാണ് വിശദമായ അന്വേഷണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. 
 

click me!