പട്ടേൽ രോഷം തണുപ്പിച്ചെന്ന് ബിജെപി; ആശ്വസിക്കാൻ പക്ഷേ, കടമ്പകൾ ഇനിയും ബാക്കി

By Web TeamFirst Published Mar 21, 2019, 8:40 AM IST
Highlights

ജനുവരി 14 മുതൽ സംവരണം നടപ്പാലാകുമെന്നാണ് പറഞ്ഞത് എന്നാൽ, ഇതിനിടയിൽ വന്ന തൊഴിൽ ഒഴിവുകളിൽ സംവരണം നടപ്പിലായിട്ടില്ല.

ദില്ലി: ലോക്സഭാ തെര‍ഞ്ഞെടുപ്പ് മുന്നിൽ നിൽക്കെ ഗുജറാത്തിൽ പട്ടേൽ വിഭാഗത്തിന്‍റെ രോഷം തണുപ്പിച്ചതിന്‍റെ ആശ്വാസത്തിലാണ് ബിജെപി. പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്ന് പട്ടേൽ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു. പത്ത് ശതമാനം സംവരണം കൊണ്ടുവന്നതോടെ പട്ടേൽ വിഭാഗക്കാരുടെ ആവശ്യങ്ങൾ നടപ്പായിക്കഴിഞ്ഞു. ഇനി പട്ടേൽ ഘടകത്തിന് പ്രസക്തിയില്ല

ജനുവരി 14 മുതൽ സംവരണം നടപ്പാലാകുമെന്നാണ് പറഞ്ഞത് എന്നാൽ, ഇതിനിടയിൽ വന്ന തൊഴിൽ ഒഴിവുകളിൽ സംവരണം നടപ്പിലായിട്ടില്ല. ആളിപ്പടർന്ന പട്ടേൽ സമരത്തിൽ പൊള്ളിയത് ബിജെപിക്കാണ്. പട്ടേൽ കരുത്തിൽ നിയമസഭയിൽ കോണ്‍ഗ്രസ് ഉയിർത്തെഴുന്നേറ്റതോടെ പാട്ടീദാർമാരെ ഒപ്പംകൂട്ടാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് ബിജെപി.

മുന്നോക്ക സംവരണം പട്ടേൽ രോഷം തണുപ്പിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയും മുഖ്യമന്ത്രി വിജയ് രൂപാനിയും പട്ടേൽ വിഭാഗങ്ങളുടെ വിളിപ്പുറത്ത് ആവുകയും ചെയ്തു. പാട്ടീദാർമാർ ബിജെപിയിലേക്ക് മടങ്ങുന്നുവെന്ന് നേതാക്കൾ അറിയിച്ചു. എന്നാൽ, 12.5 ശതമാനം വരുന്ന പാട്ടീദാർമാരുടെ യഥാർത്ഥ ആവശ്യങ്ങൾ നേടിയെടുത്തോ എന്ന ചോദ്യം ഉയരുന്നു. 

കോടതിയിൽ സംവരണം ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകൾ, പ്രക്ഷോഭത്തിലെ കേസുകളിൽ സർക്കാർ നിലപാട്, രക്തസാക്ഷി കുടുംബങ്ങൾക്കുള്ള സഹായം തുടങ്ങിയ കാര്യങ്ങളിൽ വാഗ്ദാനങ്ങൾ പാലിക്കുമോ എന്നറിയാൻ കാക്കുന്നുവെന്ന് പാട്ടീദാർ നേതാക്കൾ പറയുന്നു. മുൻനിര നേതാവ് ഹാർദ്ദിക്ക് പട്ടേൽ കോണ്‍ഗ്രസിൽ ചേർന്നതിലും പട്ടേൽ സമുദായങ്ങളിൽ ഭിന്നതയുണ്ട്.

click me!