യോഗിക്കും മായാവതിക്കും വിലക്കേര്‍പ്പെടുത്താന്‍ കാരണം സുപ്രീംകോടതിയുടെ ആ ചോദ്യം

By Web TeamFirst Published Apr 15, 2019, 7:50 PM IST
Highlights

ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മീററ്റിൽ നടന്ന റാലിയിലാണ് യോഗി വര്‍ഗീയ പ്രചാരണം നടത്തിയത്. മുസ്ലിം ലീഗിനെ 'പച്ച വൈറസ്' എന്ന് വിളിച്ച വിവാദപ്രസംഗത്തിനിടെ ആദിത്യനാഥ് ബിഎസ്‍പിയോട് 'നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം' എന്നും പ്രസംഗിച്ചിരുന്നു

ദില്ലി: വർഗീയ - വിദ്വേഷ പരാമർശങ്ങൾ നടത്തിയതിന്‍റെ പേരില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുന്‍ മുഖ്യമന്ത്രിയും ബി എസ് പി നേതാവുമായ മായാവതിക്കെതിരെയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന്. ഇന്ന് രാവിലെ വിഷയം സംബന്ധിച്ച കേസ് പരിശോധിച്ച പരമോന്നത കോടതി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്മീഷന്‍ ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്തിയത്.

ആദിത്യനാഥിന് മൂന്ന് ദിവസവും (72 മണിക്കൂർ) മായാവതിയ്ക്ക് രണ്ട് ദിവസവും (48 മണിക്കൂർ) വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രചാരണത്തിനിടെ വർഗീയ - വിദ്വേഷ പരാമർശങ്ങൾ നടത്തിയ യോഗിക്കും മായാവതിക്കെതിരെ എന്ത് നടപടിയെടുത്തെന്ന ചോദ്യമാണ് സുപ്രീം കോടതി ഉയര്‍ത്തിയത്. ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് മറുപടി നല്‍കിയ കമ്മീഷന്‍ പരിമിതമായ അധികാരം മാത്രമേയുള്ളുവെന്നും ചൂണ്ടികാട്ടിയിരുന്നു. മറുപടി ലഭിക്കുന്ന മുറയ്ക്ക് ക്രമം പാലിച്ച് നടപടിയെടുക്കുമെന്നും കമ്മീഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് യോഗിക്കും മായാവതിക്കും പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മീററ്റിൽ നടന്ന റാലിയിലാണ് യോഗി വര്‍ഗീയ പ്രചാരണം നടത്തിയത്. മുസ്ലിം ലീഗിനെ 'പച്ച വൈറസ്' എന്ന് വിളിച്ച വിവാദപ്രസംഗത്തിനിടെ ആദിത്യനാഥ് ബിഎസ്‍പിയോട് 'നിങ്ങൾക്ക് അലിയെയാണ് വിശ്വാസമെങ്കിൽ ഞങ്ങൾക്ക് ബജ്‍രംഗ് ബലിയെയാണ് വിശ്വാസം' എന്നും പ്രസംഗിച്ചിരുന്നു.

ഇതേ പ്രസംഗത്തിൽ മുസ്ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച 'പച്ച വൈറസ്' ആണെന്നും അത് എസ്‍പിയെയും, ബിഎസ്‍പിയെയും ബാധിച്ചിട്ടുണ്ടെന്നും യു പി മുഖ്യമന്ത്രി പറഞ്ഞുവച്ചു. വൈറസിനെ നിയന്ത്രിച്ചില്ലെങ്കിൽ അത് രാജ്യമൊട്ടാകെ പടരുമെന്നും  കോൺഗ്രസിനും മഹാ ഗഡ്ബന്ധൻ പാർട്ടികൾക്കും (മഹാസഖ്യത്തിലെ) ദേശസുരക്ഷയെക്കുറിച്ചും രാജ്യവികസനത്തെക്കുറിച്ചും ചിന്തയില്ലെന്നും അന്ന് ആദിത്യനാഥ് അഭിപ്രായപ്പെട്ടിരുന്നു. 

അതേസമയം, സഹാരൻപൂരിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ 'മുസ്ലീം സഹോദരീ സഹോദരൻമാരേ, നിങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മുസ്ലിങ്ങളുടെ വോട്ടുകൾ ഭിന്നിക്കരുത്', എന്ന് പ്രസംഗിച്ചതിനാണ് മായാവതിയ്ക്ക് വിലക്കേർപ്പെടുത്തിയത്. 

ദൈവങ്ങളുടെ പേര് പറഞ്ഞ് വോട്ടു പിടിക്കരുതെന്നും വർഗീയധ്രുവീകരണം നടത്തുന്ന പ്രസംഗം നടത്തരുതെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിൽ കൃത്യമായി പറയുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഇരുവർക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

click me!