തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ പാവ: രൂക്ഷവിമർശനവുമായി ചന്ദ്രബാബു നായിഡു

Published : Apr 13, 2019, 03:56 PM ISTUpdated : Apr 13, 2019, 04:05 PM IST
തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ പാവ: രൂക്ഷവിമർശനവുമായി ചന്ദ്രബാബു നായിഡു

Synopsis

സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ അവർ  പ്രധാനമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുകയാണെന്ന് നായിഡു കുറ്റപ്പെടുത്തി.

ദില്ലി: കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾക്കെതിരെ രൂക്ഷവിമർശനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനമന്ത്രിയുടെ പാവയായതോടെ രാജ്യത്തെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായെന്നും നായിഡു കുറ്റപ്പെടുത്തി.

ആന്ധ്രാപ്രദേശിലെ തെരഞ്ഞെടുപ്പിനായി ഉപയോഗിച്ച 35 ശതമാനത്തോളം വോട്ടിംഗ് യന്ത്രങ്ങളും പ്രവർത്തനരഹിതമായിരുന്നുവെന്ന് നായിഡു പറഞ്ഞിരുന്നു. വോട്ടിംഗ് യന്ത്രങ്ങൾ പ്രവർത്തിക്കാതായതോടെ നിരവധി പേർക്ക് വോട്ട് രേഖപ്പെടുത്താതെ മടങ്ങേണ്ടിവന്നു. അതിനാൽ വോട്ടിംഗ് യന്ത്രം പണിമുടക്കിയ ബൂത്തുകളിലെല്ലാം റീപോളിംഗ് വേണമെന്നാണ് ചന്ദ്രബാബു നായിഡുവിന്‍റെ ആവശ്യം. 

സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാപനമാണ്  തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്നാൽ അവർ  പ്രധാനമനന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കുകയാണെന്നും വോട്ടിംഗ് യന്ത്രം പണിമുടക്കിയ ഇടങ്ങളിലെല്ലാം റീപോളിംഗ് നടത്തിയില്ലെങ്കിൽ ദില്ലിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമരം ചെയ്യുമെന്നും നായിഡു വ്യക്തമാക്കി. 

ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് വീതം വിവിപാറ്റുകൾ എണ്ണാനുള്ള സുപ്രീം കോടതി വിധി അപര്യാപ്തമാണെന്ന് പറഞ്ഞ നായിഡു, 50ശതമാനം വിവിപാറ്റുകളും എണ്ണണമെന്ന ആവശ്യം ആവർത്തിച്ചു. 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന വിഷയത്തിൽ വിവിധ പ്രതിപക്ഷ പാർട്ടികളുടെ സഹകരണത്തിനായി പരിശ്രമിക്കുമെന്നും നായിഡു വ്യക്തമാക്കി. 

ആന്ധ്രപ്രദേശിലെ ഉയർന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടിക്കെതിരെയും വോട്ടർപട്ടികയിൽ നിന്ന് നിരവധി വോട്ടർമാരുടെ പേരുകൾ നീക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെയും നായിഡു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരാജയഭീതിമൂലമാണ് നായിഡു തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നതെന്ന് വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗ്മോഹൻ റെഡ്ഡി പറഞ്ഞു.

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?