ഫോട്ടോയെടുക്കാന്‍ വന്ന പാര്‍ട്ടിപ്രവര്‍ത്തകന് സ്ഥാനാര്‍ത്ഥിയുടെ മര്‍ദ്ദനം; വീഡിയോ വൈറല്‍

By Web TeamFirst Published Apr 8, 2019, 5:53 PM IST
Highlights

സെല്‍ഫിയെടുക്കാന്‍ യുവാവ് തന്റെയടുത്തേക്ക് എത്തിയതോടെയാണ് ബാലകൃഷ്ണ പ്രകോപിതനായത്. വാഹനത്തില്‍ നിന്നിറങ്ങി യുവാവിനെ ബാലകൃഷ്ണ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു.
 

വിശാഖപട്ടണം: തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ സ്വന്തം പാര്‍ട്ടി അനുഭാവിയെ മര്‍ദ്ദിച്ച് വിവാദത്തിലായിരിക്കുകയാണ് നടനും തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എയും ആയ നന്ദമുരി ബാലകൃഷ്ണ. അടുത്തേക്ക് വന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് പാര്‍ട്ടിപ്രവര്‍ത്തകനെ ബാലകൃഷ്ണ മര്‍ദ്ദിച്ചത്.

വിജയനഗരം ജില്ലയിലെ ചീപ്പുരുപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം. സെല്‍ഫിയെടുക്കാന്‍ യുവാവ് തന്റെയടുത്തേക്ക് എത്തിയതോടെയാണ് ബാലകൃഷ്ണ പ്രകോപിതനായത്. വാഹനത്തില്‍ നിന്നിറങ്ങി യുവാവിനെ ബാലകൃഷ്ണ ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വലിയ വിവാദമായി. തെരഞ്ഞെടുപ്പ് സമയത്തുള്ള ബാലകൃഷ്ണയുടെ ഈ രോഷപ്രകടനം പാര്‍ട്ടിക്ക് ദേഷം ചെയ്യുമെന്നാണ് തെലുങ്ക് ദേശം പാര്‍ട്ടി നേതാക്കളുടെ ആശങ്ക.സംഭവം വിവാദമായതോടെ കൂടുതല്‍ പ്രകോപനപരമായ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ബാലകൃഷ്ണയെ പാര്‍ട്ടി വിലക്കിയിട്ടുണ്ട്.

ഇതാദ്യമായല്ല ടിഡിപിയുടെ താരപ്രചാരകനായ ബാലകൃഷ്ണ ഇത്തരം വിവാദങ്ങളില്‍ ഉള്‍പ്പെടുന്നത്. മാര്‍ച്ച് 29ന് ഒരു ക്യാമറാമാന് നേരെയും ബാലകൃഷ്ണയുടെ ആക്രമണമുണ്ടായിരുന്നു. ഫോട്ടോയെടുക്കാന്‍ അടുത്തേക്ക് വന്നതിനായിരുന്നു അന്നും താരം രോഷാകുലനായത്. അന്ന് ബാലകൃഷ്ണ അയാള്‍ക്ക് നേരെ അസഭ്യവാക്കുകള്‍ പറഞ്ഞതും വാര്‍ത്തയായിരുന്നു. 

ഹിന്ദുപ്പൂര് നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് ബാലകൃഷ്ണ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശില്‍ ഏപ്രില്‍ 11നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുക. 


 

Watch: Nandamuri Balakrishna loses cool, thrashes own supporter during campaign pic.twitter.com/Gz8FKlSwKI

— TOI Andhra Pradesh (@TOI_Andhra)
click me!