പത്തനംതിട്ടയില്‍ പ്രഖ്യാപനം വൈകുന്നു: ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തി

By Web TeamFirst Published Mar 22, 2019, 12:51 PM IST
Highlights

തൃശൂരിൽ തുഷാർ ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. സുരേന്ദ്രന് തൃശൂർ നൽകി പത്തനംതിട്ടയിൽ പിള്ളയോ മറ്റാരെങ്കിലും വരുമോ എന്ന സംശയം ചില ബിജെപി നേതാക്കള്‍ രഹസ്യമായി പ്രകടിപ്പിക്കുന്നു. ബിജെപിയിലേക്ക് വരാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ സജ്ജരാണെന്ന ശ്രീധരന്‍ പിള്ളയുടെ മുന്‍കാല പ്രസ്താവനയും ഇപ്പോള്‍ ചര്‍ച്ചയാവുന്നുണ്ട്. 

തിരുവനന്തപുരം: പത്തനംതിട്ടയിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ സംസ്ഥാന ബിജെപി നേതാക്കൾക്ക് അതൃപ്തി. കേന്ദ്രത്തിന് മുന്നിൽ എന്തെങ്കിലും തടസ്സമുണ്ടോ എന്നറിയില്ലെന്ന് എംടി രമേശ് പറഞ്ഞു. ധാരണയായിട്ടും സുരേന്ദ്രനെ പ്രഖ്യാപിക്കാത്തതിൽ മുരളീധരപക്ഷത്തിന് അമർഷമുണ്ട്. ഇന്ന് വൈകീട്ടോടെ പ്രഖ്യാപനം വരുമെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. 

സ്ഥാനാർത്ഥിയാകാൻ നേതാക്കൾ തമ്മിൽ പോര് നടന്ന പത്തനംതിട്ടയിലെ സസ്പെൻസ് തുടരുന്നതിൽ ബിജെപി ക്യാമ്പിൽ ആകെ ആശയക്കുഴപ്പം. ചിലർ സ്വാഭാവികകാലതാമസം എന്ന് വിശദീകരിക്കുമ്പോൾ മറ്റു ചില നേതാക്കൾ അതൃപ്തി പരസ്യമാക്കി രംഗത്തു വന്നു.

ധാരണയായിട്ടും സുരേന്ദ്രനെ പ്രഖ്യാപിക്കാത്തതിലാണ് മുരളീധരപക്ഷത്തിന് അതൃപ്തി. പത്തനംതിട്ട സീറ്റില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം ജയസാധ്യതയെ ബാധിക്കുമെന്നാണ് അവരുടെ നിലപാട്.  അവസാന നിമിഷം പത്തനംതിട്ടയില്‍ നിന്നും തന്‍റെ പേര് വെട്ടിയതിൽ കടുത്ത അതൃപ്തിയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. എന്നാല്‍ പിള്ളയോ സുരേന്ദ്രനോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.  

ചൊവ്വാഴ്ച ചേർന്ന ചേർന്ന തെരഞ്ഞെടുപ്പ് സമിതിയാണ് കേരളത്തിലെ പട്ടിക അംഗീകരിച്ചത്. തർക്കം മൂലം പത്തനംതിട്ടയിൽ തീരുമാനം അന്ന് അമിത്ഷാക്ക് വിട്ടിരുന്നുവെന്ന വിവരമുണ്ട്. ആർഎസ്എസ് സമ്മർദ്ദം മൂലം ദേശീയ അധ്യക്ഷൻ  ഇടപെട്ട് സുരേന്ദ്രന് സീറ്റുനൽകാൻ ഒടുവിൽ ധാരണയായിയിരുന്നു. അവസാനം വരെ തർക്കമുണ്ടായ സാഹചര്യത്തിൽ വീണ്ടും തെരഞ്ഞെടുപ്പ് സമിതി ചേർന്ന് അംഗീകരിച്ച് സുരേന്ദ്രനെ തന്നെ വൈകാതെ പ്രഖ്യാപിക്കുമെന്ന് ചില നേതാക്കൾ പ്രതീക്ഷവെക്കുന്നു. 

ചർച്ചകൾ വീണ്ടും തുടർന്നാൽ പേര് മാറുമോ എന്ന ആകാംക്ഷയും പാർട്ടി ക്യാമ്പിലുണ്ട്. തൃശൂരിൽ തുഷാർ ഇതുവരെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിട്ടില്ല. സുരേന്ദ്രന് തൃശൂർ നൽകി പത്തനംതിട്ടയിൽ പിള്ളയോ മറ്റാരെങ്കിലും വരുമോ എന്ന സംശയം ചില ബിജെപി നേതാക്കള്‍ രഹസ്യമായി പ്രകടിപ്പിക്കുന്നു. എന്നാൽ തൃശ്ശൂര്‍ സീറ്റില്‍ തുഷാർ മത്സരിക്കുമെന്ന് തന്നെയാണ് ബിഡിജെഎസ് നേതാക്കൾ പറയുന്നത്.  എന്തായാലും പത്തനംതിട്ടയിലെ അനിശ്ചിതത്വം സംസ്ഥാനത്തെ ബിജെപിയുടെ മറ്റ് സീറ്റുകളെ കൂടി ബാധിക്കുന്ന സ്ഥിതിയിലേക്കെത്തിയെന്ന വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. മുന്‍കാലങ്ങളിലെല്ലാം ഇടതുവലത് മുന്നണികളേക്കാള്‍ മുന്‍പേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി കളത്തിലിറങ്ങാറുണ്ട്. 
 

click me!