
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് നേതാവായ ഒബിസി നേതാവ് അൽപേഷ് താക്കൂർ പാർട്ടി അംഗത്വം രാജിവച്ചു. താക്കൂർ സേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജി. അത്യന്തം വേദനയോടെയാണ് താൻ പാർട്ടി അംഗത്വം രാജിവയ്ക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, തനിക്ക് മറ്റെന്തിനേക്കാളും വലുത് തന്റെ താക്കൂർ സേനയാണെന്നും പ്രതികരിച്ചു.
"പാവപ്പെട്ട ജനങ്ങളെയും താക്കൂർ സമുദായത്തെയും സേവിക്കാനാണ് ഞാൻ പൊതുപ്രവർത്തന രംഗത്തേക്ക് വന്നത്. പാവപ്പെട്ടവരുടെ ജീവിതത്തിലേക്ക് വെളിച്ചം എത്തിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ഗുജറാത്തിലാകെ താക്കൂർ സേനയിലെ യുവാക്കൾ തങ്ങൾ അപമാനിതരായെന്ന തോന്നലിലാണ്. എനിക്ക് മറ്റെന്തിനേക്കാളും വലുത് എന്റെ താക്കൂർ സേനയാണ്. അധികാരത്തോട് ആർത്തിയുണ്ടായിരുന്നുവെങ്കിൽ ഞാനും എന്റെ താക്കൂർ സേനയും കോൺഗ്രസിനൊപ്പം ചേരില്ലായിരുന്നു. ഞങ്ങൾ തിരസ്കരിക്കപ്പെടുകയും അപമാനിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്ത സ്ഥലത്ത് ഇനിയും തുടരരുതെന്നാണ് എന്നോട് സേന പറഞ്ഞത്. അതിനാൽ ഞാൻ എല്ലാ സ്ഥാനമാനങ്ങളും രാജിവയ്ക്കുന്നു. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചതല്ല. വളരെ വേദനയോടെ കോൺഗ്രസ് പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും ഞാൻ രാജിവയ്ക്കുന്നു. ബഹുമാനമാണ് ഞങ്ങൾ ആഗ്രഹിച്ചത്, പക്ഷെ വഞ്ചനയാണ് പകരം കിട്ടിയത്," അൽപേഷ് താക്കൂർ രാജിപ്രഖ്യാപനം അറിയിച്ചുള്ള കുറിപ്പിൽ പറഞ്ഞു.
അൽപേഷ് താക്കൂറിനൊപ്പം രണ്ട് എംഎൽഎമാരും പാർട്ടിയിൽ നിന്ന് രാജിവച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി നിൽക്കെ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.