ജോസഫിനെ മാണി വെട്ടി, കോട്ടയത്ത് തോമസ് ചാഴിക്കാടൻ മത്സരിക്കും; കേരളാ കോൺഗ്രസ് തുലാസിൽ

Published : Mar 11, 2019, 09:15 PM ISTUpdated : Mar 11, 2019, 10:27 PM IST
ജോസഫിനെ മാണി വെട്ടി, കോട്ടയത്ത് തോമസ് ചാഴിക്കാടൻ മത്സരിക്കും; കേരളാ കോൺഗ്രസ് തുലാസിൽ

Synopsis

കോട്ടയത്ത് തോമസ് ചാഴികാടന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെഎം മാണി. സ്ഥാനാര്‍ത്ഥിയാകണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അവഗണിച്ചാണ് പ്രഖ്യാപനം.

കോട്ടയം: നാടകീയ നീക്കങ്ങൾക്കൊടുവിൽ പി ജെ ജോസഫിനെ വെട്ടി തോമസ് ചാഴിക്കാടനെ കോട്ടയത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കെ എം മാണി. പകൽ മുഴുവൻ നീണ്ട നാടകീയ സംഭവങ്ങൾക്ക് ഒടുവിൽ രാത്രി വൈകി ഇറക്കിയ വാർത്താ കുറിപ്പിലാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കുന്ന പ്രഖ്യാപനം. 

സ്ഥാനാര്‍ത്ഥിയാകണമെന്ന് പിജെ ജോസഫിന്‍റെ ആവര്‍ത്തിച്ചുള്ള ആവശ്യം അവഗണിച്ചാണ് കേരളാ കോൺഗ്രസ് മാണി വിഭാഗം തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കാൻ തീരുമാനിച്ചത്. ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. വര്‍ക്കിംഗ് പ്രസിഡന്‍റായ പി ജെ ജോസഫ് മത്സരിക്കേണ്ടതില്ലെന്ന് കേരളാ കോൺഗ്രസ് കോട്ടയം പാര്‍ലമെന്റ് കമ്മിറ്റിയും നിലപാടെടുത്തിരുന്നു. കേരളാ കോൺഗ്രസ് എമ്മിന്‍റെ ആസ്ഥാനമായ കോട്ടയം ജോസഫിന് മത്സരിക്കാൻ വിട്ട് നൽകേണ്ടതില്ലെന്ന തീരുമാനം കെഎം മാണിയെ അറിയിക്കുകയും ചെയ്തിരുന്നു.  

ജോസഫ് കോട്ടയത്ത് മത്സരിക്കണമെന്ന കോൺഗ്രസ് നിര്‍ദ്ദേശം കൂടി മറികടന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. 

കേരള കോണ്‍ഗ്രസിലെ കടുത്ത അഭിപ്രായഭിന്നതയ്ക്കിടെ പി ജെ ജോസഫിന്‍റെ വീട്ടില്‍ തിരക്കിട്ട കൂടിയാലോചനകളും നടന്നു. ജോസഫ് വിഭാഗം നേതാക്കൾ തൊടുപുഴയിൽ രഹസ്യ യോഗം ചേര്‍ന്നു. ഇതിനിടെ ജോസഫിന് ദൂതന്‍ വഴി മാണി കത്ത് നല്‍കിയെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മോന്‍സ് ജോസഫ് എംഎല്‍എ, ടി യു കുരുവിള തുടങ്ങിയ നേതാക്കളും പിജെ ജോസഫിന്‍റെ വീട്ടില്‍ കൂടിയാലോചനകളിൽ പങ്കെടുത്തിരുന്നു.

ഇന്ന് പകല്‍ മുഴുവന്‍ കെഎം മാണിയുടെ വസതിയിലും വലിയ ചര്‍ച്ചകളാണ് നടന്നത്. തുടര്‍ന്ന് കോട്ടയത്ത് പി ജെ ജോസഫിന് സീറ്റ് നല്‍കില്ലന്ന നിലപാട് മാണി വിഭാഗം എടുത്തു.  പിന്നാലെയാണ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?