അയ്യപ്പന്‍റെ പേരിൽ വോട്ട്; സുരേഷ് ഗോപിയുടെ മറുപടിയിൽ കളക്ടറുടെ തീരുമാനം ഇന്ന്

By Web TeamFirst Published Apr 11, 2019, 6:58 AM IST
Highlights

അയ്യൻ എന്ന വാക്കിന്‍റെ അർത്ഥം ജ്യേഷ്ഠൻ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് സുരേഷ് ഗോപിയുടെ പ്രസംഗത്തിന്‍മേൽ ബിജെപി ക്യാമ്പിൽ നിന്ന് വന്ന വിശദീകരണം.

തൃശ്ശൂർ: അയ്യപ്പന്‍റെ പേരിൽ വോട്ട് തേടിയ സംഭവത്തിൽ തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നൽകിയ വിശദീകരണത്തിൽ ജില്ലാ കളക്ടർ ടി വി അനുപമ ഇന്ന് തീരുമാനം എടുക്കും. പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും ജാതിയോ മതമോ ദൈവത്തിന്‍റെ പേരോ പറഞ്ഞ് വോട്ടു ചോദിച്ചിട്ടിലെന്നും ആണ് സുരേഷ് ഗോപിയുടെ വിശദീകരണം. താൻ പ്രചാരണത്തിന് മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും സുരേഷ് ഗോപി കളക്ടർക്കു നൽകിയ വിശദീകരണത്തിൽ പറയുന്നു.

അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് ഉറപ്പായും അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ശബരിമല വിഷയത്തിന്‍റെ പശ്ചാത്തലത്തിലാണ് താന്‍ വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. എന്നാൽ അയ്യൻ എന്ന വാക്കിന്‍റെ അർത്ഥം ജ്യേഷ്ഠൻ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നുമാണ് തുടർന്ന് ബിജെപി ക്യാമ്പിൽ നിന്ന് വന്ന വിശദീകരണം.

സുരേഷ് ഗോപിയുടെ വിശദീകരണം കളക്ടർ അംഗീകരിക്കുമാ അതോ മറ്റ് നടപടികൾ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.  കഴിഞ്ഞ വെള്ളിയാഴ്ച്ച തൃശ്ശൂരിൽ തിരഞ്ഞെടുപ്പ് പരിപാടിക്ക് ശേഷമാണ് സുരേഷ് ഗോപി വിവാദപ്രസംഗം നടത്തിയത്. ഈ പരാമർശത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കളക്ടർ ടി വി അനുപമ സുരേഷ് ഗോപിയിൽ നിന്ന് വിശദീകരണം തേടിയത്.

click me!