
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തുഷാർ വെള്ളാപ്പള്ളിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി ബിജെപി കേന്ദ്ര നേതൃത്വം. തുഷാറിനോട് മത്സരിക്കണമെന്ന് വീണ്ടും അമിത് ഷാ ആവശ്യപ്പെട്ടു. തീരുമാനം ഉടനെ അറിയിക്കാമെന്ന് തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. തുഷാര്‍ നാളെ വീണ്ടും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.
ഒഴിഞ്ഞുമാറാനുള്ള തുഷാറിന്‍റെ ശ്രമം അനുവദിക്കേണ്ടെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. നിർണ്ണായക തെരഞ്ഞെടുപ്പ് ആയതിനാൽ തുഷാർ സ്ഥാനാർത്ഥിയാകുന്നതാണ് നല്ലതെന്ന് നേരത്തെയും അമിത്ഷാ അറിയിച്ചിരുന്നു. മുമ്പ് നടന്ന കൂടിക്കാഴ്ചയിലും സമാന ആവശ്യം ഷാ ഉന്നയിച്ചിരുന്നു.
തുഷാര്‍ മത്സരിക്കാന്‍ തയ്യാറായാല്‍ 'എ ക്ലാസ് സീറ്റ്' എന്ന് ബി ജെ പി വിശേഷിപ്പിക്കുന്ന തൃശ്ശൂര്‍ സീറ്റ് ബി ഡി ജെ എസിന് നല്‍കാനും പാര്‍ട്ടി തയ്യാറായിരുന്നു എന്നാണ് വിവരം. എന്നാല്‍ എങ്ങനെയെങ്കിലും മത്സരത്തില്‍ നിന്ന് മാറി നില്‍ക്കാനാണ് തുഷാര്‍ വെള്ളാപ്പള്ളി ശ്രമിക്കുന്നത്. എസ്എൻഡിപി ഭാരവാഹിയായതിനാൽ സംഘടനയിൽ കൂടുതൽ ചർച്ച വേണമെന്നായിരുന്നു തുഷാറിന്‍റെ നിലപാട്. സംഘടനാ ചുമതലയുള്ള ഭാരവാഹിയായി പാർട്ടിയിൽ തുടർന്നാല്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കാനാകുമെന്നും പ്രചാരണത്തിൽ കൂടുതൽ സജീവമാകാനാകുമെന്നുമാണ് തുഷാർ പറയുന്നത്.