
ദില്ലി: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് തൃശൂരില്‍ കെ സുരേന്ദ്രനും പത്തനംതിട്ടയില്‍ പി എസ് ശ്രീധരന്‍പിള്ളയും തന്നെ ബിജെപി സ്ഥാനാര്‍ഥികളായി മല്‍സരിച്ചേക്കും. മല്‍സരിക്കാനില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി ബിജെപിക്ക് സൂചന നല്‍കിയതിനെ തുടര്‍ന്നാണിത്. സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്കാന്‍ ദില്ലിയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. കേന്ദ്ര നേതൃത്വം കൊല്ലത്ത് സുരേഷ് ഗോപിയെ സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍.
സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ പി എസ് ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനും ഉൾപ്പെടെയുള്ള നേതാക്കൾ ദില്ലിയിലെ ബി ജെ പി ആസ്ഥാനത്ത് എത്തിയത് രാവിലെ പതിനൊന്നിനാണ്. എന്നാൽ തൃശൂര്‍ , പത്തനംതിട്ട സീറ്റുകളെ ചൊല്ലിയാണ് ബിജെപിയില്‍ സീറ്റ് ചര്‍ച്ച വഴിമുട്ടിയത്. തുഷാർ മത്സരിക്കാൻ തയ്യാറായാൽ തൃശൂർ നൽകാമെന്ന് ധാരണയുണ്ടായിരുന്നു. തുഷാർ നിലപാട് വ്യക്തമാക്കാന്‍ വൈകിയതോടെ പ്രതിസന്ധിയും രൂക്ഷമായി.
എന്നാല്‍, വൈകിട്ടോടെ തുഷാര്‍ കേന്ദ്ര നേതൃത്വത്തോട് തന്‍റെ നിലപാട് അറിയിക്കുകയായിരുന്നു. ഇതിനിടെ പത്തനംതിട്ടയ്ക്കായി അൽഫോൺസ് കണ്ണന്താനവും അവകാശ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യസഭയിൽ മൂന്നര വർഷത്തെ കാലാവധി ബാക്കിയുണ്ടെങ്കിലും പത്തനംതിട്ട നൽകിയാൽ മത്സരിക്കാമെന്നാണ് കണ്ണന്താനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോഴിക്കോട്ടേക്ക് പരിഗണിച്ചിരുന്ന എം ടി രമേശും പത്തനംതിട്ടയില്ലെങ്കിൽ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ്.
കൊല്ലത്ത് സുരേഷ് ഗോപിയെ നിർത്തിയാൽ വിജയസാധ്യതയുണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തൽ. കേന്ദ്ര നേതൃത്വം നിർബന്ധിച്ചാൽ മത്സരിക്കുമെന്ന് വ്യക്തമാക്കിയ സുരേഷ് ഗോപി, പക്ഷെ ചർച്ചകൾക് ശേഷമേ മണ്ഡലം സംബന്ധിച്ച് തീരമാനം എടുക്കൂ എന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.