'കള്ളവോട്ട് നടന്നെന്ന് വസ്തുതകൾ പരിശോധിച്ചപ്പോൾ തെളിഞ്ഞതാണ്', കോടിയേരിക്ക് മീണയുടെ മറുപടി

By Web TeamFirst Published Apr 30, 2019, 6:28 PM IST
Highlights

കള്ളവോട്ടിൽ നടപടിയെടുത്തത് കണ്ണൂർ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ചാണ്. കൃത്യമായി വസ്തുതകൾ പരിശോധിച്ചാണ് നടപടിയെടുത്തത് - ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട്. 

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ രാഷ്ട്രീയപ്രചാരണത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുന്നുവെന്ന സിപിഎം ആരോപണത്തിന് മറുപടിയുമായി ടിക്കാറാം മീണ. കള്ളവോട്ട് നടന്നെന്ന് വസ്തുതാപരമായി പഠിച്ചാണ് കണ്ടെത്തിയത്. കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ചാണ് നടപടിക്ക് ശുപാർശ ചെയ്തത്. പക്ഷപാതമില്ലാതെയാണ് താൻ എന്നും പ്രവർത്തിച്ചിട്ടുള്ളത്. തനിക്കെതിരായ രാഷ്ട്രീയപരാമർശം വേദനിപ്പിച്ചെന്നും ടിക്കാറാം മീണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കള്ളവോട്ട് താൻ ഒറ്റയ്ക്ക് കണ്ടെത്തിയതല്ല, വസ്തുതകൾ പരിശോധിച്ച് മാത്രമാണ് തീരുമാനങ്ങൾ എടുത്തത്. പഞ്ചായത്തംഗത്തിന് എതിരെ നടപടി ശുപാർശ ചെയ്യാൻ മാത്രമേ തനിക്കാകൂ. അത് താൻ ചെയ്തിട്ടുണ്ട്. കള്ളവോട്ട് ചെയ്തതിലൂടെ പഞ്ചായത്തംഗം ചെയ്തത് ഗുരുതരകുറ്റകൃത്യമാണ്. അതിനെതിരെ നടപടിയുമാവശ്യമാണ്. ഇനി തീരുമാനമെടുക്കേണ്ടത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഇനി പന്ത് സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കോർട്ടിലാണെന്നും മീണ വ്യക്തമാക്കി.

മീണയ്ക്ക് എതിരെ നിയമനടപടിക്ക് സിപിഎം

കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയിരുന്നു. കള്ളവോട്ട് നടന്നെന്ന യുഡിഎഫ് പ്രചാരണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പങ്കെടുക്കുകയാണെന്നും പക്ഷപാതപരമായി നടപടിയെടുക്കുന്നുവെന്നും കോടിയേരി ആരോപിച്ചു. മുൻപേ തയ്യാറാക്കിയ തിരക്കഥയനുസരിച്ചുള്ള തീരുമാനമാണ് മീണ സ്വീകരിച്ചതെന്നും കോടിയേരി ആരോപിച്ചു.

കള്ളവോട്ടിൽ ആരോപണവിധേയരായവരുടെ വിശദീകരണം തേടുകയോ, നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്തിട്ടില്ല. ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഇതിനെതിരെ സിപിഎം നിയമനടപടികളിലേക്ക് നീങ്ങുമെന്നും കോടിയേരി വ്യക്തമാക്കി.

പഞ്ചായത്തംഗത്തെ അയോഗ്യയാക്കാൻ ശുപാർശ നൽകുന്നതിന് മീണയ്ക്ക് അധികാരമില്ലെന്നും, ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുകയായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചെയ്യേണ്ടതെന്നും കോടിയേരി വ്യക്തമാക്കി. സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തലയിൽ കയറി ഇരിക്കുകയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. ഇത് ചോദ്യം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. 

കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ച മീണയ്ക്ക് എതിരെ രൂക്ഷമായ പരാമർശങ്ങളാണ് കോടിയേരി നടത്തിയത്. മാധ്യമവിചാരണയ്ക്ക് അനുസരിച്ചല്ല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടപടിയെടുക്കേണ്ടത്. മാധ്യമങ്ങളും യുഡിഎഫും നടത്തിയ പ്രചാരണത്തിൽ വീണ് പോകരുത്. ഒരു പരിശോധനയ്ക്കും പാർട്ടിക്ക് തടസ്സമില്ല. ഏകപക്ഷീയമായി പരിശോധന നടത്തരുത്. നടപടിയുമെടുക്കരുത്. കാസർകോട്ട് മാത്രം 156 മണ്ഡലങ്ങളെക്കുറിച്ചാണ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അവിടങ്ങളിൽ എന്താണ് പരിശോധന നടത്താൻ തടസ്സം? കണ്ണൂരിലും പരാതി നൽകിയിട്ടുണ്ട്. അവിടെയും ഒരു നടപടിയില്ല - കോടിയേരി ആരോപിച്ചു.

click me!