കളമശ്ശേരിയിലെ ബൂത്തില്‍ റീപോളിംഗ്, 840 വിവിപാറ്റ് മെഷീനുകള്‍ കേടായെന്ന് ടിക്കാറാം മീണ

By Web TeamFirst Published Apr 24, 2019, 6:06 PM IST
Highlights

വോട്ടിംഗില്‍ പങ്കുചേര്‍ന്ന എല്ലാ വോട്ടര്‍മാര്‍ക്കും ടിക്കാറാം മീണ നന്ദി അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ 77.68 ശതമാനം പോളിംഗ് നടന്നതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. എട്ട് ജില്ലകളില്‍ പോളിംഗ് 80 ശതമാനം കടന്നു. ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ വോട്ട് ചെയ്തത് വടകരയിലാണ് 85.9 ശതമാനം പേര്‍. ഏറ്റവും കുറവ് തിരുവനന്തപുരത്ത് 72.7. മുപ്പത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണ് കേരളത്തില്‍ രേഖപ്പെടത്തിയത്. വോട്ടിംഗില്‍ പങ്കുചേര്‍ന്ന എല്ലാ വോട്ടര്‍മാര്‍ക്കും ടിക്കാറാം മീണ നന്ദി അറിയിച്ചു. 

പോളിംഗ് ദിനത്തില്‍ സംസ്ഥാനത്ത്  ആകെ 840 വിവി പാറ്റ് മെഷീനുകള്‍ കേടായെന്നും 397 വോട്ടിംഗ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു. വിവി പാറ്റ് പിഴവ് നിരക്ക് ഇവിടെ 1.18 ആയിരുന്നു. ദേശീയ ശരാശരി 1.74 ആണ്. ദേശീയ ശരാശരിയിലും താഴെയാണ് ഇവിടെയുണ്ടായ തകരാര്‍. 0.44 ശതമാനം മാത്രം വോട്ടിംഗ് യന്ത്രങ്ങളിലാണ് തകരാര്‍ സംഭവിച്ചത്. 

പോള്‍ ചെയ്തതിനേക്കാള്‍ 43 വോട്ടുകള്‍ അധികമായി കണ്ടെത്തിയ കളമശ്ശേരിയിലെ ബൂത്ത് നമ്പര്‍ 83-ല്‍ റീപോളിംഗ് നടത്തുമെന്നും ഇതിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു. ഇവിടെ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് വീഴ്ച പറ്റിയതാണ് കുഴപ്പത്തിന് കാരണമായത്. മോക്ക് പോളിംഗിന് ശേഷം വിവരങ്ങള്‍ നീക്കാഞ്ഞത് കാരണം. അതും കണക്കുകളില്‍ ചേര്‍ന്നു. ശ്രീധരൻ പിള്ളയുടെ മാനനഷ്ടകേസ് പരാമർശത്തോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം അറിയിച്ചു. 

click me!