പുറത്താക്കല്‍: താനാണ് ശരിയെന്ന് കാലം തെളിയിക്കും, അധികാരമോഹിയല്ല: എ പി അബ്ദുള്ളക്കുട്ടി

By Web TeamFirst Published Jun 3, 2019, 2:20 PM IST
Highlights

കോണ്‍ഗ്രസില്‍ ചേര്‍ന്നത് സീറ്റ് മോഹിച്ചല്ല. വികസന വിഷയത്തിലെ നിലപാടില്‍ മാറ്റമില്ല, പ്രധാനമന്ത്രിയ്ക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ അന്തസ്സ് കെടുത്തരുതെന്ന് എ പി അബ്ദുള്ളക്കുട്ടി

കാസര്‍കോട്: കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി എ പി അബ്ദുള്ളക്കുട്ടി. താന്‍ തെറ്റ് ചെയ്തിട്ടില്ല. താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് എ പി അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ സൂക്ഷമായി നിരീക്ഷിച്ചാല്‍ അതില്‍ എടുത്ത് നില്‍ക്കുന്നത് ഗാന്ധിജിയാണ്, മോദിയല്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗാന്ധിജിയുടെ ആശയമാണ് മോദി പ്രാവര്‍ത്തികമാക്കിയതെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വിശദമാക്കുന്നത്.

കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ കാരണം മനസിലാക്കുന്നതിനോടൊപ്പം മുല്ലപ്പള്ളി ബിജെപിയുടെ വിജയത്തിന്റെ ഉയരം കൂടി പഠിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്നത് സീറ്റ് മോഹിച്ചല്ല. വികസന വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും അബ്ദുള്ളക്കുട്ടി വിശദമാക്കി. പോസിറ്റീവ് രാഷ്ട്രീയത്തിന്റെ ആളാണ് താന്‍. തിരുത്തല്‍ നടപടികള്‍ ഉണ്ടാവാന്‍ വേണ്ടിയാണ് വിമര്‍ശനമുയര്‍ത്തിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. 

പ്രധാനമന്ത്രിയ്ക്കെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിച്ച് കേരളത്തിന്റെ അന്തസ്സ് കെടുത്തരുത്. കോണ്‍ഗ്രസില്‍ നിന്നുള്ള പുറത്താക്കല്‍ മുന്‍വിധിയോടുള്ള സമീപനമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. സ്ഥാനത്തിനായി ആരുടേയും കാല് പിടിച്ചിട്ടില്ല, ഇങ്ങോട്ട് കൊണ്ടുവന്ന് തന്നതാണ്. താന്‍ അവസരവാദിയെന്ന ആരോപണം നിഷേധിക്കുന്നുവെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. 

click me!