പഠിച്ച സ്കൂളിൽ അച്ഛനും അമ്മയ്ക്കുമൊപ്പം വോട്ട് ചെയ്ത് ട്രാന്‍സ്ജെന്‍റര്‍ സ്ഥാനാര്‍ത്ഥി ചിഞ്ചു അശ്വതി

By Web TeamFirst Published Apr 23, 2019, 2:31 PM IST
Highlights

ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ക്വിയർ അംബേദ്കറൈറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ട്രാന്‍സ്ജെന്‍ററായ ചിഞ്ചു അശ്വതി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച് ട്രാന്‍സ്ജെന്‍റര്‍ കൂടിയായ എറണാകുളത്തെ സ്വതന്ത്രസ്ഥാനാര്‍ത്ഥി ചിഞ്ചു അശ്വതി. അച്ഛനും അമ്മയ്ക്കും ഒപ്പമെത്തിയാണ് ചിഞ്ചു അശ്വതി തന്‍റെ വോട്ടവകാശം വിനിയോഗിച്ചത്. ഇരുവര്‍ക്കുമൊപ്പം പോളിംഗ് ബൂത്തില്‍ നില്‍ക്കുന്നതിന്‍റെ ചിത്രങ്ങളും അവര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ക്വിയർ അംബേദ്കറൈറ്റ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ട്രാന്‍സ്ജെന്‍ററായ ചിഞ്ചു അശ്വതി. ട്രാന്‍സ്ജെന്‍റേഴ്സിന് സമൂഹത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ക്കെതിരെയും ദളിത് വിഭാഗത്തിന്‍റെ ഉന്നമനത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുകയാണ് ചിഞ്ചു.  

കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍റര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എറണാകുളം അങ്കമാലി സ്വദേശിയായ ചിഞ്ചു അശ്വതി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികൂടിയാണ്. ഞാൻ പഠിച്ച സ്കൂളിൽ അച്ഛനും അമ്മക്കും ഒപ്പം എത്തി ട്രാന്‍സ്ജെന്‍റര്‍ ഐഡി കാർഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയെന്ന് ചിഞ്ചു അശ്വതി ഫേസ്ബുക്കില്‍ കുറിച്ചു. 

പീപ്പിൾസ് പൊളിറ്റിക്കൽ ഫോറം എന്ന കൂട്ടായ്മയുടെ പിന്തുണയോടെയാണ് ചിഞ്ചു മത്സരരംഗത്തിറങ്ങിയത്. ബംഗ്ലൂരുവിൽ ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുകയാണ് ചിഞ്ചുവിപ്പോൾ. തൃശ്ശൂർ ആസ്ഥാനമായുള്ള സഹയാത്രിക എന്ന സംഘടനയിലും പ്രവർത്തിച്ചിട്ടുണ്ട്.

 

click me!