
ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ സമയത്ത് സോഷ്യൽമീഡിയയിൽ താരമാകുന്നത് രണ്ട് വനിതാ പോളിങ് ഉദ്യോഗസ്ഥരാണ്. മഞ്ഞസാരിയുടുത്ത്, കൂളിങ് ഗ്ലാസ് വെച്ച് കയ്യിൽ വോട്ടിങ് യന്ത്രവുമായി സ്റ്റൈലായി നടന്നുനീങ്ങുന്ന പോളിങ് ഉദ്യോഗസ്ഥയാണ് ആദ്യമായി സോഷ്യൽമീഡിയയുടെ കണ്ണിൽപ്പെട്ടത്. പീന്നിട് അവർ ആരാണെന്ന് അറിയാനുള്ള ഓട്ടത്തിലായിരുന്നു സോഷ്യൽമീഡിയ. ഒടുവിൽ ടിക് ടോക് വീഡിയോകളുടെ സഹായത്തോടെ കക്ഷിയെ ആളുകൾ തിരിച്ചറിഞ്ഞു.
ഉത്തർപ്രദേശിലെ ദേവരയിലെ പൊതുമരാമത്ത് വകുപ്പ് ജീവനക്കാരി റീന ദ്വിവേദിയാണ് മണിക്കൂറുകൾകൊണ്ട് സോഷ്യൽമീഡിയയിൽ താരമായ ആ പോളിങ് ഉദ്യോഗസ്ഥ. ഉത്തർപ്രദേശില്‍ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിനിടെയാണ് റീനടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയുടെ അമ്മയാണ് ഈ 32-കാരി. ആദിത് എന്നാണ് റീനയുടെ മകന്റെ പേര്. 2013-ലാണ് റീന പിഡബ്ലുഡിയിൽ ജോലിക്ക് കയറിയത്. അതിന് മുമ്പ് ഇൻഷുറസ് മേഖലയിലും റീന സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭർത്താവ് സഞ്ജയ്.
അതേദിവസം തന്നെയാണ് ഭോപ്പാലിൽനിന്നും മറ്റൊരു സുന്ദരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായത്. നീല നിറത്തിലുള്ള മാക്സി ഡ്രസ്സും ധരിച്ച് കൂളിങ് ഗ്ലാസ്സും വച്ച് കയ്യിൽ കയ്യിൽ വോട്ടിങ് യന്ത്രവുമായി കൂളായി നടന്നു വരുന്ന പോളിങ് ഉദ്യോഗസ്ഥയുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വെെറലായിരുന്നു. ഭോപ്പാലിലെ കാനറാ ബാങ്ക് ഓഫീസർ യോഗേശ്വരി ഗോഗിത് ആണ് സോഷ്യൽമീഡിയയിൽ താരമായ രണ്ടാമത്തെ പോളിങ് ഉദ്യോഗസ്ഥ.
മധ്യപ്രദേശിലെ ഗോവിന്ദ്പുരയിലെ ഐടിഐ പോളിങ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിങ് ഉദ്യോഗസ്ഥയാണ് യോഗേശ്വരി. പോളിങ് സ്റ്റേഷനിലെത്തി മിനിട്ടുകൾക്കുള്ളിലാണ് യോഗേശ്വരിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായത്.