ആദ്യ ഒരു മണിക്കൂര്‍ യുഡിഎഫ് മുന്നേറ്റം; തിരുവനന്തപുരത്ത് തുടക്കത്തിൽ മാത്രം ബിജെപി

By Web TeamFirst Published May 23, 2019, 9:00 AM IST
Highlights

ഇരുപതിൽ പതിനഞ്ചിടത്തും ആദ്യ മണിക്കൂറിൽ യുഡിഎഫ് മുന്നേറുകയാണ്. എൻഡിഎ ചിത്രത്തിലില്ല.

തിരുവനന്തപുരം: ആദ്യ മണിക്കൂറിലെ ഫലസൂചന പുറത്ത് വരുമ്പോൾ കേരളം യുഡിഎഫിന് അനുകൂലം. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളിലെല്ലാം യുഡിഎഫ് ആണ് മുന്നിൽ . കൊല്ലത്ത് എൻകെ പ്രേമചന്ദ്രനും , എറണാകുളത്ത് ഹൈബി ഈഡനും കോഴിക്കോട്ട് എംകെ രാഘവനും മുന്നിലാണ് . ഇടുക്കിയിൽ രണ്ട് ശതമാനം വോട്ടെണ്ണി തീര്‍ന്നപ്പോൾ ഡീൻ കുര്യാക്കോസ് ലീഡ് ചെയ്യുകയാണ്.

ചാലക്കുടിയിൽ ബെന്നി ബെഹ്നാനാണ് ലീഡ്. തൃശൂരിൽ രാജാജി മാത്യു തോമസാണ് ആദ്യ ഘട്ടത്തിൽ മുന്നിലുണ്ടായിരുന്നതെങ്കിലും ടിഎൻ പ്രതാപൻ ലീഡിലേക്ക് എത്തി.  വടകരയിൽ ആദ്യഘട്ടത്തിൽ പി ജയരാജനാണ് ലീഡ് ചെയ്തിരുന്നതെങ്കിൽ പിന്നിട് കെ മുരളീധരൻ മുന്നിലെത്തി.

കണ്ണൂരിൽ പികെ ശ്രീമതിയും കാസര്‍കോട് സതീഷ് ചന്ദ്രനും മുന്നിലാണ്. പത്തനംതിട്ടയിലെ ആദ്യ ഫല സൂചനയും യുഡിഎഫിന് അനുകൂലമാണ്. പാലക്കാട് ആദ്യം എംബി രാജേഷ് ലീഡ് നിലയിലേക്ക് വന്നെങ്കിലും തുടര്‍ന്ന് യുഡിഎഫ് ലീഡ് തിരിച്ച് പിടിച്ചിരിക്കുകയാണ് . ആറ്റിങ്ങലിൽ സന്പത്തിനെ മറികടന്ന് അടൂര്‍ പ്രകാശ് മുന്നിലെത്തി. 

തിരുവനന്തപുരത്ത് തുടക്കം മുതൽ കുമ്മനം ലീഡ് ചെയ്തെങ്കിലും ആദ്യ റൗണ്ട് എണ്ണിത്തുടങ്ങിയപ്പോൾ ശശി തരൂര്‍ ലീഡ് നില തിരിച്ച് പിടിച്ചു.

tags
click me!