കൊലപാതക രാഷ്ട്രീയം മുതൽ പ്രളയം വരെ വിനയായി; സിപിഎം നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി

By Web TeamFirst Published May 23, 2019, 5:46 PM IST
Highlights

മുന്നര പതിറ്റാണ്ടായി തോല്‍ക്കാതിരുന്ന മണ്ഡലങ്ങള്‍ പോലും കൈവിട്ടു. ന്യൂനപക്ഷ ധ്രുവീകരണം എതിരായി എന്നൊക്കെ ഒഴിവുകഴിവു പറയമെങ്കിലും സ്വന്തം ശക്തികേന്ദ്രങ്ങള്‍ തകര്‍ന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല സി.പി.എമ്മിനും ഇടത് പക്ഷത്തിനും.

കോഴിക്കോട്: ചരിത്രത്തിലെ തന്നെ വലിയ തിരിച്ചടിയാണ് സിപിഎമ്മിന് കേരളത്തിൽ നേരിട്ടത്. മൂന്നര പതിറ്റാണ്ടായി തോല്‍ക്കാതിരുന്ന മണ്ഡലങ്ങള്‍ പോലും കൈവിട്ടു. ന്യൂനപക്ഷ ധ്രുവീകരണം എതിരായി എന്നൊക്കെ ഒഴിവുകഴിവു പറയമെങ്കിലും സ്വന്തം ശക്തികേന്ദ്രങ്ങള്‍ തകര്‍ന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല സി.പി.എമ്മിനും ഇടത് പക്ഷത്തിനും.

കാസര്‍കോട് മണ്ഡലം ഇതിനുമുമ്പ് ഇടതിനെ കൈവിട്ടത് 84ലെ ഇന്ദിരാവധത്തെത്തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തിലാണ്. പിന്നീടൊരു കാറ്റിലുമുലയാത്ത ഇടതിന്റെ കാസര്‍കോട് കോട്ട ഇത്തവണ തകര്‍ന്നു വീണു.1996ല്‍ എന്‍ എന്‍ കൃഷ്ണദാസിനെ നിര്‍ത്തി തിരിച്ചു പിടിച്ച പാലക്കാടും ഇടതിനെ കൈവിടുന്നത് 23 കൊല്ലങ്ങള്‍ക്ക് ശേഷമാണ്.

ചിറയിന്‍ കീഴ് പേരു മാറിയ  ആറ്റിങ്ങലും ഒറപ്പാലം പേരുമാറിയ ആലത്തൂരും ഇടതിന് ശക്തമായി അടിത്തറയുള്ള മണ്ഡലങ്ങളാണ്.എന്ത് കാറ്റ് വീശിയാലും ഈ 4 മണ്ഡലങ്ങളും നഷ്ടമാകുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല ഇടത് പക്ഷം. സ്വന്തമായൊരു വോട്ടു ബാങ്ക് എന്നൊന്നില്ലെന്ന കണ്ണുതുറപ്പിക്കുന്ന സത്യം ബോധ്യപ്പെടേണ്ട സമയം അതിക്രമിച്ചുവെന്ന തിരിച്ചറിവാണിപ്പോൾ അണികൾക്കും നേതൃത്വത്തിനും. 

കുറെക്കുടി സുക്ഷമായി പരിശോധിച്ചാല്‍ വോട്ട് ചോര്‍ച്ച നടന്ന പ്രദേശങ്ങളേതെന്ന് വ്യക്തമായാല്‍ നേതാക്കളുടെ നെഞ്ചിടിപ്പ് കൂടും. കാഞ്ഞങ്ങാട് ഉദുമ,തളിപ്പറമ്പ്, കൂത്ത് പറമ്പ്,കോങ്ങാട് ചേലക്കര, ആറ്റിങ്ങല്‍,വര‍ക്കല, ചിറയിന്‍ കീഴ് എന്നിങ്ങനെയുള്ള പാര്‍ട്ടി കോട്ടകളിലെല്ലാം വോട്ട് ചോര്‍ന്നു. എന്ന് മാത്രമല്ല തളിപ്പറമ്പ് പോലുള്ള പാര്‍ട്ടിയുടെ നെടും കോട്ടകള്‍ എതിര്‍സ്ഥാനാര്‍ത്ഥിക്ക്  നല്ല ലീഡും നല്‍കി. പിടിച്ചു നിന്നത് പയ്യന്നൂരും മലമ്പുഴയും പോലെ ചില കേന്ദ്രങ്ങള്‍ മാത്രം. കാസര്‍കോട്ടും ആറ്റിങ്ങലുമടക്കം മികച്ച വോട്ടിന് ജയിച്ചു കയറുമെന്ന റിപ്പോര്‍ട്ടാണ് വോട്ടെടുപ്പിന് ശേഷം മേല്‍ക്കമ്മറ്റികള്‍ക്ക് നല്‍കിയത് എന്നിടത്താണ് തോൽവിയുടെ ആഘാതം കൂടുന്നത്.

വോട്ട് ചോര്‍ച്ചയ്ക്കും ജനവിധി എതിരാകാനുമുള്ള കാരണങ്ങള്‍ ഇവയാണ്:

1 കൊലപാതകരാഷ്ട്രീയയത്തോടുള്ള നേതാക്കളുടെ ഐക്യം .

2 കഴിഞ്ഞ 2 തെരഞ്ഞെടുപ്പുകളിലും തുണയായ ന്യൂനപക്ഷവോട്ടുകള്‍ യുഡിഎഫിലേക്ക് തിരികെ പോയത്. സമുദായ തര്‍ക്കങ്ങളില്‍ സ്വീകരിച്ച നിലപാടുകള്‍.

3 പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകളിലെ ചോര്‍ച്ച

4 ശബരിമലയടക്കമുള്ള പ്രശ്നങ്ങളില്‍ മുന്നോക്ക വോട്ടുകള്‍ക്കൊപ്പം ഈഴവ വോട്ടുകളും ചോര്‍ന്നത്.

5 രാഹുല്‍ ഗാന്ധിയുടെ വരവുമായി ബന്ധപ്പെട്ടുയര്‍ത്തിയ എതിര്‍പ്പും പരിഭ്രാന്തിയും

6 പ്രളയമടക്കമുള്ള പൊതുപ്രശ്നങ്ങളിലെ സര്‍ക്കാരിന്റെ സമീപനം ആറന്‍മുളയും ചെങ്ങന്നൂരും  അടക്കമുള്ളയടങ്ങളില്‍ അത‍ൃപ്തിയും വോട്ടു ചോര്‍ച്ചയ്ക്കും വഴി വെച്ചു.

ഇതില്‍ ശബരിമലയൊഴികെ മറ്റൊരു പ്രശ്നവും സിപിഎം മുന്‍കൂട്ടിക്കണ്ടില്ല എന്നതാണ് വാസ്തവം. 79ലെ വന്‍‍  തോല്‍വിയുടെ കണക്ക് നിരത്താമെങ്കിലും ഈ തോൽവി ഇടത് പക്ഷത്തിന് കീറിമുറിച്ച് പരിശോധിക്കേണ്ടി വരും.
 

click me!