എൻഡിഎക്ക് ഭൂരിപക്ഷമില്ലെങ്കിൽ കളം പിടിക്കാൻ ഒരുങ്ങി പ്രതിപക്ഷം, കരുനീക്കങ്ങൾ സജീവം

By Web TeamFirst Published May 23, 2019, 6:39 AM IST
Highlights

ദില്ലിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സജീവമാക്കുമ്പോൾ മുംബൈയിൽ നിന്ന് ചരടുവലിക്കുന്നത് ശരദ് പവാറാണ്. എക്സിറ്റ് പോളുകൾ തെറ്റിയാൽ രാഷ്ട്രീയപരമായും നിയമപരമായും കളം പിടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. 

ദില്ലി/മുംബൈ: എക്സിറ്റ് പോളുകൾ തെറ്റുകയും, എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതിരിക്കുകയും ചെയ്താൽ, സർക്കാർ രൂപീകരണത്തിന് നിയമപരവും രാഷ്ട്രീയപരവുമായ കരുനീക്കങ്ങൾ സജീവമാക്കി പ്രതിപക്ഷ കക്ഷികൾ. വിശാലപ്രതിപക്ഷത്തിൽ നിന്ന് അകലം പാലിച്ചിരുന്ന നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളുമായി ചർച്ച നടത്തുന്നത് എൻസിപി അധ്യക്ഷൻ ശരദ് പവാർ നേരിട്ടാണ്. അങ്ങനെ ദില്ലിയിൽ കോൺഗ്രസടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചർച്ചകൾ സജീവമാക്കുമ്പോൾ മുംബൈയിൽ നിന്ന് ചരടുവലിക്കുന്നത് ശരദ് പവാറാണ്.

അതേസമയം, ഇന്ന് ദില്ലിയിൽ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ വിളിച്ചുചേർക്കുമെന്ന് കരുതപ്പെട്ടിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എൻഡിഎ ഭൂരിപക്ഷത്തിൽ നിന്ന് മുപ്പതോ മുപ്പത്തഞ്ചോ സീറ്റുകൾ അകലെയാണെങ്കിൽ സഖ്യകക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് ശ്രമിക്കും. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് കോൺഗ്രസ് വാശിപിടിക്കില്ല. ബിജെപി വിരുദ്ധ കക്ഷികളിലെ ഏതെങ്കിലും ഒരു നേതാവിനെ പ്രധാനമന്ത്രി പദത്തിലേക്ക് കോൺഗ്രസ് പിന്തുണയ്ക്കും. 

സർക്കാർ രൂപീകരണത്തിന് നിയമപരമായ സഹായം നൽകാനും കോൺഗ്രസ് ഒരുങ്ങുന്നുണ്ട്. കർണാടക തെരഞ്ഞെടുപ്പിലേത് പോലെ നിയമപരമായ പ്രതിസന്ധിയുണ്ടായാൽ വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനും കോൺഗ്രസ് തയ്യാറാണ്. 

വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡി വിദേശത്തായതിനാൽ പാർട്ടിയിലെ മുതിർന്ന നേതാക്കളുമായാണ് ശരദ് പവാർ ഫോൺ വഴി ചർച്ച നടത്തിയത്. എക്സിറ്റ് പോളുകൾ പുറത്തുവന്നതിനിടെയായിരുന്നു ചർച്ച എന്നാണ് റിപ്പോർട്ടുകൾ. ഒഡിഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്‍നായികുമായും തെലങ്കാന മുഖ്യമന്ത്രിയായ കെ ചന്ദ്രശേഖർ റാവുവുമായും ശരദ് പവാർ നേരിട്ട് സംസാരിച്ചു. 

കെസിആറിനെ ശരദ് പവാർ ഹൈദരാബാദിന് പുറത്തുള്ള ഫാം ഹൗസിൽ വച്ച് നേരിട്ട് കണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് ടിആർഎസ് പ്രതിനിധികൾ നിഷേധിക്കുന്നുണ്ടെങ്കിലും. 

തൂക്ക് സഭ വരികയാണെങ്കിൽ യുപിഎക്ക് പിന്തുണ പ്രഖ്യാപിക്കാൻ കെസിആർ തയ്യാറാണെന്ന് ശരദ് പവാറിന് ഉറപ്പ് നൽകിയെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‍നായികും കണക്കിലെ കളികൾ തുണക്കുമെങ്കിൽ യുപിഎക്കൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയെന്നാണ് സൂചന. 

''ബിജെപി, എൻഡിഎ ഇതര കക്ഷികളുമായി കഴിഞ്ഞ കുറച്ചു ദിവസമായി ശരദ് പവാർ ചർച്ച നടത്തുന്നുണ്ട്. ഇനി ഫലം കാത്തിരുന്ന്, അതനുസരിച്ച് ചർച്ചകൾ തുടരും'', എൻസിപിയിൽ നിന്നുള്ള രാജ്യസഭാ എംപി മജീദ് മേമൺ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യചർച്ചകളിൽ ശരദ് പവാറിന്‍റെ ഇടപെടൽ കോൺഗ്രസിന് നല്ല പ്രതീക്ഷയുണ്ട്. ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടേണ്ടതിന്‍റെ ആവശ്യകത പറഞ്ഞ് ബോധ്യപ്പെടുത്താൻ ശരദ് പവാറിനെപ്പോലൊരു മുതിർന്ന നേതാവിനെ ഇപ്പോൾ കോൺഗ്രസിന് ആവശ്യമുണ്ട്.

എന്നാൽ വൈഎസ്ആർ കോൺഗ്രസ് ചർച്ചകളുമായി സജീവമായി സഹകരിക്കുന്നില്ലെന്നാണ് സൂചന. ആന്ധ്രയിലെ സ്വന്തം രാഷ്ട്രീയ എതിരാളിയായ ചന്ദ്രബാബു നായിഡു മുഖ്യ നേതാക്കളിലൊരാളായ പ്രതിപക്ഷ സഖ്യവുമായി സഹകരിക്കാൻ ജഗൻമോഹൻ റെഡ്ഡിക്ക് വൈമനസ്യമുണ്ട്. അഞ്ച് പേർ മാത്രമുള്ള ടിഡിപിയാണോ, അതോ, 35 അംഗങ്ങളുടെ പിൻബലമുള്ള (ടിആർഎസ്സും വൈഎസ്ആർ കോൺഗ്രസും ചേർന്ന്) ബ്ലോക്കാണോ പ്രതിപക്ഷസഖ്യത്തിന് വേണ്ടതെന്നാണ് ജഗൻമോഹൻ റെഡ്ഡിയുടെ ചോദ്യം.

ആന്ധ്രാപ്രദേശിൽ ആകെ 25 ലോക്സഭാ സീറ്റുകളുണ്ട്. തെലങ്കാനയിൽ 17 സീറ്റുകളും, ഒഡിഷയിൽ 21 സീറ്റുകളുമായി   63 സീറ്റുകളിൽ ഈ മൂന്ന് പാർട്ടികൾ നിർണായക സ്വാധീനമാണ്. അതുകൊണ്ടുതന്നെയാണ് ചർച്ചകൾക്ക് കോൺഗ്രസും പ്രതിപക്ഷകക്ഷികളും ആക്കം കൂട്ടുന്നതും. 

ഇവിഎം പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

വോട്ടിംഗ് മെഷീനില്‍ തിരിമറി നടക്കുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനിടെ രാഷ്ട്രപതിയെ കണ്ടേക്കും. തിരിമറി സംബന്ധിച്ച പരാതി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഇന്ന് നേരിട്ട് രാഷ്ട്രപതിക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിയെ നേരില്‍ കാണാനായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!