മോദിയും മോഹൻ ഭാഗവതും എകെ 47 പൂജിക്കുന്നതിന്‍റെ തെളിവ് ഞാൻ തരാം: പ്രകാശ് അംബേദ്കർ

By Web TeamFirst Published Apr 14, 2019, 9:55 AM IST
Highlights

ബാബാ സാഹെബ് അംബേദ്ക്കറുടെ ചെറുമകൻ എന്ന മേൽവിലാസത്തിൽ നിന്നും മഹാരാഷ്ട്രയിലെ ദളിത് മുന്നേറ്റങ്ങളുടെ മുന്നണി പോരാളിയായി പ്രകാശ് അംബേദ്ക്കർ മാറിക്കഴിഞ്ഞു. ഒവൈസിയുടെ എംഐഎമ്മും സിപിഐയും വഞ്ചിത് ബഹുജൻ അഘാടിക്കൊപ്പമാണ്

മുംബൈ: മഹാരാഷ്ട്രയിൽ രണ്ടാംഘട്ടത്തിൽ കോണ്‍ഗ്രസ് എൻസിപി സഖ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുകയാണ് പ്രകാശ് അംബേദ്കർ നയിക്കുന്ന ദളിത് മുസ്ലീം പിന്നോക്ക സഖ്യം. വാശിയേറിയ പോരാട്ടം നടക്കുന്ന പല മണ്ഡലങ്ങളിലും ജയ പരാജയങ്ങൾ ഈ മുന്നണിയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. 

'ബിജെപിയാണ് ഞങ്ങളുടെ എതിരാളി. മോദിയും മോഹൻ ഭാഗവതും എ കെ 47 പൂജിക്കുന്നതിന്‍റെ തെളിവുകൾ ഞാൻ തരാം. ആർഎസ്എസ് ഭീകര പ്രസ്ഥാനമാണ്. എല്ലാ ആയുധങ്ങളും അവർ സൂക്ഷിക്കുന്നു. മോദിക്കെതിരെ പ്രസംഗിക്കാമോ എന്ന് ഞാൻ പവാറിനെയും അശോക് ചവാനെയും വെല്ലുവിളിക്കുന്നു' വഞ്ചിത് ബഹുജൻ അഘാടി നേതാവ് പ്രകാശ് അംബേദ്ക്കർ പറയുന്നു.

അറുപത്തിനാലാമത്തെ വയസിൽ പ്രകാശ് അംബേദ്കർ നടത്തിയ രാഷ്ട്രീയ പരീക്ഷണമാണ് മഹാരാഷ്ട്രയിൽ ഈ തെരഞ്ഞെടുപ്പ് കാലത്തെ ഹൈലൈറ്റ്. കോണ്‍ഗ്രസ് എൻസിപി സഖ്യം തിരിച്ചുവരവ് ലക്ഷ്യമിടുമ്പോൾ തിരിച്ചടി നൽകാൻ ജാതി രാഷ്ട്രീയത്തിന്‍റെ പുതിയ മോഡൽ. എന്നാൽ, പ്രകാശ് അംബേദ്കറുടെ വാക്കുകളിൽ തികഞ്ഞ സംഘപരിവാർ വിരോധം നിറഞ്ഞു നിൽക്കുന്നുണ്ട്. 

രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലാണ് വഞ്ചിത് ബഹുജൻ അഘാ‍ടി കൂടുതൽ ശ്രദ്ധിക്കുന്നത്. പ്രകാശ് അംബേദ്കർ രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു. വിബിഎ, ബിജെപിയുടെ ബി ടീമാണെന്നും അവർക്ക് പോകുന്ന വോട്ട് ബിജെപിയെ സഹായിക്കുന്നതിന് തുല്യമെന്നാണ് കോണ്‍ഗ്രസിന്‍റെയും എൻസിപിയുടേയും പ്രചാരണം.

ബാബാ സാഹെബ് അംബേദ്ക്കറുടെ ചെറുമകൻ എന്ന മേൽവിലാസത്തിൽ നിന്നും മഹാരാഷ്ട്രയിലെ ദളിത് മുന്നേറ്റങ്ങളുടെ മുന്നണി പോരാളിയായി പ്രകാശ് അംബേദ്ക്കർ മാറിക്കഴിഞ്ഞു. ഒവൈസിയുടെ എംഐഎമ്മും സിപിഐയും വഞ്ചിത് ബഹുജൻ അഘാടിക്കൊപ്പമാണ്.

click me!