തുഷാർ മത്സരിച്ചാൽ എസ്എൻഡിപി പിന്തുണയ്ക്കുമോ? വെള്ളാപ്പള്ളി നയം വ്യക്തമാക്കുന്നു

By Web TeamFirst Published Mar 20, 2019, 1:06 PM IST
Highlights

തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ മത്സരിച്ചാൽ എസ്എൻഡിപി യോഗം പിന്തുണയ്ക്കുമോ? തുഷാറിന് വിജയസാധ്യതയുണ്ടോ എന്ന ചോദ്യത്തിനും വെള്ളാപ്പള്ളി നടേശൻ മറുപടി പറയുന്നു.

ആലപ്പുഴ: ബിജെപി സാധ്യത കാണുന്ന മണ്ഡലങ്ങളിലൊന്നായ തൃശ്ശൂരിൽ മത്സരിക്കാൻ തുഷാറിന് മേൽ ബിജെപി നേതാക്കളുടെ സമ്മർദ്ദം തുടരുകയാണ്. അതുകൊണ്ടുതന്നെ തൃശ്ശൂർ മണ്ഡലത്തിനായി ബിജെപി നേതാക്കളാരും ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടുമില്ല. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് അയച്ചിരിക്കുന്ന സാധ്യതാ പട്ടികയിൽ തൃശ്ശൂരിലെ ഒന്നാം പേരുകാരനും തുഷാറാണ്. എന്നാൽ മത്സരിക്കുന്ന കാര്യത്തിൽ തുഷാർ ഇതുവരെ സമ്മതം മൂളിയിട്ടില്ല. തൃശ്ശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി തുഷാർ മത്സരിച്ചാൽ എസ്എൻഡിപി യോഗം പിന്തുണയ്ക്കുമോ? വെള്ളാപ്പള്ളി നടേശൻ നയം വ്യക്തമാക്കുന്നു.

തുഷാർ മൽസരിക്കുകയാണെങ്കിൽ എസ്എൻഡിപി ഭാരവാഹിത്വം രാജിവെക്കുമോ?
"തുഷാർ അച്ചടക്കമുള്ള പ്രവർത്തകനാണെന്നാണ് എന്‍റെ വിശ്വാസം."

തുഷാർ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ എസ്എൻഡിപി പിന്തുണ കൊടുക്കുമോ?
"എസ്എൻഡിപിക്ക് എല്ലാവരോടും ശരിദൂരമാണ്.

ഇനി തുഷാർ മത്സരിച്ചാൽ നിലപാട് മാറ്റുമോ?
"ഇല്ല, ശരിദൂരത്തിൽ തന്നെ പോകും"

തുഷാറിനെ ജയിപ്പിക്കണം എന്ന് പറയില്ല അല്ലേ?
"സംഘടനയുടേതായി പറയേണ്ട ബാധ്യത എനിക്കില്ല, സംഘടനയ്ക്കകത്ത് എല്ലാവരുമുണ്ട്. സംഘടനയ്ക്ക് അകത്തുനിന്നുകൊണ്ട് അവരവരുടെ രാഷ്ട്രീയ അഭിപ്രായമനുസരിച്ച് പ്രവർത്തിക്കുന്നതിനൊന്നും ഞങ്ങളാരും എതിരല്ല. അത് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട്."

തുഷാറിന് ജയസാധ്യതയുണ്ടോ?
"എല്ലാവരും നിൽക്കുന്നത് ജയിക്കാൻ വേണ്ടിയാണ്. എണ്ണിക്കഴിയുമ്പോൾ എല്ലാവരും അങ്ങനെ തോറ്റു, ഇങ്ങനെ തോറ്റു, ഇങ്ങനെ ജയിച്ചു എന്നെല്ലാം പറഞ്ഞ് ന്യായീകരിക്കും. ആര് ജയിക്കുമെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം."

"തുഷാർ ജയിക്കില്ല എന്നാണോ?"
ഉത്തരം: "ഞാനൊന്നും പറഞ്ഞില്ലല്ലോ അതിനെപ്പറ്റി. അതൊക്കെ എന്‍റെ വായിൽ നിന്ന് പറയിപ്പിച്ചിട്ട് മൊട്ടയടിക്കാൻ എന്‍റെ തലയിലിനി രോമമില്ല" (ആലപ്പുഴയിൽ എ എം ആരിഫ് തോറ്റാൽ തല മൊട്ടയടിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.)

തുഷാറിന്‍റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വെള്ളാപ്പള്ളിയുടെ മനസിലിരിപ്പ് ഏതാണ്ട് വ്യക്തമായെങ്കിലും കൃത്യമായ ഒരുത്തരം നേരിട്ടു പറയാൻ അദ്ദേഹം തയ്യാറായില്ല. പക്ഷേ മകന്‍റെ സ്ഥാനാർത്ഥിത്വത്തിൽ വെള്ളാപ്പള്ളിക്ക് വലിയ താൽപ്പര്യമില്ലെന്ന് ഉത്തരങ്ങളുടെ ശൈലിയിൽ നിന്നും ശരീരഭാഷയിൽ നിന്നും വ്യക്തം.

click me!