വാഗ്ദാനങ്ങള്‍ പാലിച്ചു; താന്‍ പുറത്തു നിന്നുള്ള ആളല്ല, വിജയമുറപ്പെന്ന് ജോയ്സ് ജോര്‍ജ്

By Web TeamFirst Published Mar 10, 2019, 1:02 PM IST
Highlights

കഴിഞ്ഞ തവണത്തെ ലോക്സഭയിലേക്കുള്ള സ്ഥാനാർത്ഥിത്വം  ജോയ്സ് ജോര്‍ജിന് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ഇത്തവണ ഇടത് മുന്നണിക്ക് ഇടുക്കിയിൽ പകരം വയ്ക്കാനില്ലാത്ത സ്ഥാനാർത്ഥിയാണ് ജോയ്സ് ജോർജ്. 

ഇടുക്കി: കഴിഞ്ഞ തവണത്തെ ലോക്സഭയിലേക്കുള്ള സ്ഥാനാർത്ഥിത്വം  ജോയ്സ് ജോര്‍ജിന് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ ഇത്തവണ ഇടത് മുന്നണിക്ക് ഇടുക്കിയിൽ പകരം വയ്ക്കാനില്ലാത്ത സ്ഥാനാർത്ഥിയാണ് ജോയ്സ് ജോർജ്. ഇടുക്കിക്കാർ തന്നെ പുറത്ത് നിന്നൊരു ആളായല്ല കാണുന്നതെന്നും വിജയം ഉറപ്പാണെന്നുമാണ് ജോയ്സ് പറയുന്നത്. കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരായ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമരപരമ്പരകളാണ് കഴിഞ്ഞ തവണ ഇടുക്കിയിലെ രാഷ്ട്രീയ ചിത്രം മാറ്റിമറിച്ചത്. 

സമരക്കാർ ഉന്നയിച്ച ആവശ്യങ്ങൾക്ക് പരിഹാരമാവാതെ വന്നതോടെയാണ് ഉറച്ച കോട്ടയിൽ യുഡിഎഫിന് അടിതെറ്റിയത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ അഭിഭാഷകനും പഴയ കോണ്‍ഗ്രസുകാരനുമായ ജോയ്സ് ജോർജിനെ സ്ഥാനാർത്ഥിയാക്കി അവസരം നന്നായി വിനിയോഗിച്ച എൽഡിഎഫ്  ഇടുക്കിയില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. എന്നാൽ അഞ്ച് വർഷത്തിനപ്പുറം ഈ പൊതു സ്വതന്ത്രനെക്കാൾ ജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ എൽഡിഎഫിന് കിട്ടാനില്ല. ഇഎസ്എ പരിധി കുറച്ചുകൊണ്ടുള്ള കസ്തൂരിരംഗൻ റിപ്പോർട്ടിലെ ഭേദഗതി വന്നതോടെ ജോയ്സ് മുന്നോട്ട് വച്ച് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനവും നിറവേറി. 

മണ്ഡലത്തിൽ 4075 കോടിയുടെ വികസനം കൊണ്ടുവരാൻ സാധിച്ചെന്നും ജോയ്സ് പറയുന്നു. സ്ഥാനാത്ഥിത്വം ഏറെക്കുറെ ഉറപ്പായതിനാൽ ജോയ്സ് മാസങ്ങൾക്ക് മുമ്പേ അനൌദ്യോഗിക പ്രചാരണം തുടങ്ങിയിരുന്നു. ഔദ്യോഗിക പ്രചാരണപരിപാടികൾക്ക് അടുത്ത ബുധനാഴ്ച എൽഡിഎഫ് കണ്‍വെൻഷനോടെ തുടക്കമാവും. എന്നാൽ കർഷക ആത്മഹത്യകളും , കൊട്ടക്കാമ്പൂർ ഭൂമി വിവാദവും ജോയ്സിനും ഇടത് മുന്നണിക്കും തലവേദനയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. 

click me!