2016 ല്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല: വീണാ ജോര്‍ജിന് വിനു വി ജോണിന്‍റെ മറുപടി

Published : Apr 17, 2019, 11:01 PM ISTUpdated : Apr 18, 2019, 08:28 AM IST
2016 ല്‍ പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് സര്‍വേ നടത്തിയിട്ടില്ല: വീണാ ജോര്‍ജിന് വിനു വി ജോണിന്‍റെ മറുപടി

Synopsis

2016ൽ ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടറുമായി ചേർന്ന് നടത്തിയ സർവേയിൽ 81 സീറ്റ് വരെ നേടി ഇടതുപക്ഷം കേരളത്തിൽ അധികാരത്തിലെത്തും എന്നായിരുന്നു പ്രവചിച്ചത്. ഭരണത്തുടർച്ചയ്ക്കല്ല ഭരണമാറ്റത്തിന് തന്നെയാണ് സാധ്യതയെന്നും 40 ശതമാനം വോട്ട് ഇടതുപക്ഷം നേടും എന്നുമാണ് അന്ന് സർവേ പ്രവചിച്ചത്.

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സര്‍വേയെക്കുറിച്ചുള്ള വീണാ ജോര്‍ജിന്റെ പ്രസംഗത്തിലെ വസ്തുതാ വിരുദ്ധതകള്‍ വെളിപ്പെടുത്തി ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോ ഓഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോൺ. ന്യൂസ് അവർ ചർച്ചക്കിടെയാണ് ഏഷ്യാനെറ്റ് ന്യൂസിനെപ്പറ്റി പത്തനംതിട്ടയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി നടത്തിയ പ്രസംഗത്തിന്‍റെ യഥാർത്ഥ വസ്തുത പുറത്തുവന്നത്.

2016ലെ തെരഞ്ഞെടുപ്പില്‍ താനും എല്‍ഡിഎഫും തോല്‍ക്കുമെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം തോൽക്കുമെന്നും ഏഷ്യാനെറ്റ്  ന്യൂസ് പ്രവചിച്ചിരുന്നെന്നാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോർജ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമർശം. ഈ പ്രസംഗത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

വീണ ജോർജ് ഏഷ്യാനെറ്റ് ന്യൂസിന് എതിരായി നടത്തിയ പ്രസംഗം

എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് സി വോട്ടറുമായി ചേർന്ന് നടത്തിയ സർവേയിൽ 81 സീറ്റ് വരെ നേടി ഇടതുപക്ഷം കേരളത്തിൽ അധികാരത്തിലെത്തും എന്നായിരുന്നു പ്രവചിച്ചത്. ഭരണത്തുടർച്ചയ്ക്കല്ല ഭരണമാറ്റത്തിന് തന്നെയാണ് സാധ്യതയെന്നും 40 ശതമാനം വോട്ട് ഇടതുപക്ഷം നേടും എന്നുമാണ് സർവേ പ്രവചിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് 2016ൽ സംപ്രേഷണം ചെയ്ത സർവേ ഫലം സംബന്ധിച്ച വാർത്തയുടെ പ്രസക്ത ഭാഗം ന്യൂസ് അവറിൽ വീണ്ടും സംപ്രേഷണം ചെയ്യുകയും ചെയ്തു.

2016 നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ വീണ ജോർജ് പരാജയപ്പെടുമെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെടുമെന്നും ഏഷ്യാനെറ്റ് ന്യൂസ് സർവേകൾ പ്രവചിച്ചിട്ടില്ലെന്നും വിനു വി ജോൺ പറഞ്ഞു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് സർവേ തന്നെ നടത്തിയിട്ടില്ല. പത്തനംതിട്ട മണ്ഡലത്തിൽ പ്രത്യേകിച്ച് ഏഷ്യാനെറ്റ് ന്യൂസ് തെരഞ്ഞെടുപ്പ് സർവേ നടത്തിയിട്ടില്ല. ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ എല്ലാ തെരഞ്ഞെടുപ്പ് സർവേകളുടേയും വാർത്ത യുട്യൂബിൽ ലഭ്യമാണ്. 2016ലെ ഏഷ്യാനെറ്റ് ന്യൂസിന്‍റെ സർവേ ഫലം എന്നപേരിൽ ഒരു വ്യാജ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സർവേകൾ തെറ്റില്ലെന്ന് അവകാശപ്പെടുന്നില്ല. ഇപ്പോൾ സർവേ നടത്തിയ ഏജൻസിക്കും തെറ്റുപറ്റിയേക്കാം. സർവേ ഫലത്തെ വിമർശിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സ്ഥാനാർത്ഥികൾക്കും അവകാശമുണ്ട്. എന്നാൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ ചാനലിനെതിരെ പ്രചരിപ്പിക്കുന്നതുകൊണ്ടാണ് ഇത് പറയേണ്ടിവന്നതെന്നും വിനു വി ജോൺ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത ഡിവൈഎഫ്ഐ സംസ്ഥാന പ്രസി‍ഡന്‍റ് എ എ റഹീം വീണയുടെ വാക്കുകളെ പിന്തുണയ്ക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് തന്‍റെ വാദം വ്യക്തമായി അവതരിപ്പിക്കാൻ ആയില്ല. 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് പ്രവചിച്ചതിനേക്കാൾ പത്ത് സീറ്റിലേറെ അധികം നേടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്‍റെ എതിർവാദം. തെരഞ്ഞെടുപ്പ് സർവേകൾ കൃത്യമായി ഫലം പ്രവചിച്ച ചരിത്രമില്ലെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കാണാം

"

PREV
click me!

Recommended Stories

കുട്ടനാട് സീറ്റ് കിട്ടിയേ തീരൂ: വീണ്ടും കൊമ്പുകോർക്കാൻ ജോസ് - ജോസഫ് പക്ഷങ്ങൾ
ഝാര്‍ഖണ്ഡില്‍ എന്താണ് സംഭവിച്ചത്; ഹേമന്ത് സോറന്‍ ബിജെപിയെ വലിച്ച് താഴെയിട്ടത് എങ്ങനെ?