പിഎം നരേന്ദ്ര മോദിയിലെ നായകന്‍ പറയുന്നു, മോദിക്ക് വോട്ട് ചെയ്യുക

By Web TeamFirst Published May 5, 2019, 6:00 PM IST
Highlights

ദില്ലിയിലെ ഏഴ് സീറ്റുകളിലേക്കും ബിജെപിയെ വിജയിപ്പിക്കണമെന്നാണ് ബോളിവുഡ് താരം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയുള്ള 'പിഎം നരേന്ദ്ര മോദി ' റിലീസിന് മുമ്പ് തന്നെ വിവാദമായ ചിത്രമാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്കിനെ തുടര്‍ന്ന് സിനിമയുടെ റിലീസ് നീട്ടി വച്ചിരുന്നു. വോട്ടെടുപ്പ് അഞ്ചാം ഘട്ടത്തിലെത്തുമ്പോള്‍ ബിജെപിക്ക്  വോട്ട് ചെയ്യാന്‍ ദില്ലി നിവാസികളോട് ആഹ്വാനം ചെയ്യുകയാണ് പിഎം മോദി സിനിമയിലെ നായകന്‍ വിവേക് ഒബ്റോയ്. ഞായറാഴ്ച ദില്ലിയിലാണ് വിവേക് ഒബ്റോയ് ബിജെപിക്ക് വോട്ട് ചോദിച്ച് പ്രചാരണം നടത്തിയത്. 

ദില്ലിയിലെ ഏഴ് സീറ്റുകളിലേക്കും ബിജെപിയെ വിജയിപ്പിക്കണമെന്നാണ് ബോളിവുഡ് താരം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. 'ഏഴ് സീറ്റുകളും മോദിക്ക്' എന്ന് പേരിട്ട പരിപാടിയിലാണ് വിവേക് ഒബ്റോയ് ജനങ്ങളോട് വോട്ട് ചോദിച്ചത്. 'ഉറി, ദ സര്‍ജിക്കല്‍ സ്ട്രൈക്ക്' എന്ന ചിത്രത്തിലെ പ്രശസ്തമായ സംഭാഷണവും താരം പ്രസംഗത്തിനിടെ അവതരിപ്പിച്ചു. 

കഴിഞ്ഞ എഴുപത് വര്‍ഷങ്ങളായി  പ്രതിപക്ഷം  ജനങ്ങളെ കൊള്ളയടിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇനി രാജ്യത്തെ രക്ഷിക്കാന്‍ ചൗക്കിദാര്‍മാര്‍ വരണമെന്നും വിവേക് ഒബ്റോയ് പറഞ്ഞു.

ഇന്ത്യയുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ രാജ്യത്തിന് പുറത്തുനിന്നും എത്തുന്ന രാജാക്കന്മാരുടെ ഭരണകാലത്ത് വന്‍തോതില്‍ കൊള്ള നടന്നിരുന്നു. എന്നാല്‍ ഇന്ന് നാമെല്ലാവരും ഒന്നിച്ചു. അതുകൊണ്ട് തന്നെ എല്ലാ പൗരന്മാരും ഈ പ്രചാരണ പരിപാടിയുടെ ഭാഗമാകണം. എല്ലാ പൗരന്മാരും മോദിക്ക് വോട്ട് ചെയ്യണം- വിവേക് ഒബ്റോയ് വ്യക്തമാക്കി. 

click me!