പാലക്കാട്ട് ബിജെപിയിലെ അസംതൃപ്തരെ കോൺഗ്രസ് ഒപ്പം കൂട്ടിയെന്ന ആരോപണവുമായി എം ബി രാജേഷ്

By Web TeamFirst Published Apr 20, 2019, 9:36 AM IST
Highlights

ത്രികോണപ്പോര് മുറുകുമ്പോൾ അടിയൊഴുക്കുകൾക്ക് കാതോർക്കുകയാണ് പാലക്കാട്. 

പാലക്കാട്: മണ്ഡലത്തിൽ ബിജെപിയിലെ അസംതൃപ്തരായ ഒരു വിഭാഗത്തെ കൂടെക്കൂട്ടാൻ യുഡിഎഫ് ശ്രമിക്കുന്നതായി ഇടത് സ്ഥാനാർത്ഥി എംബി രാജേഷ്. എന്നാൽ പാർട്ടിയിൽ ഭിന്നതയെന്നു വരുത്താൽ മനഃപൂർവ്വം ശ്രമം നടക്കുന്നതായാണ് യുഡിഎഫ് സ്ഥാനാർത്ഥി വി കെ ശ്രീകണ്ഠൻ ആരോപിക്കുന്നത്. ത്രികോണപ്പോര് മുറുകുമ്പോൾ അടിയൊഴുക്കുകൾക്ക് കാതോർക്കുകയാണ് പാലക്കാട്.

പരമ്പരാഗത ഇടത് മണ്ഡലമാണെന്ന ആത്മവിശ്വാസം പുറമേക്കുണ്ടെങ്കിലും 2009-ൽ ജയിച്ചത് വെറും 1820 വോട്ടിനാണെന്നത് എൽഡിഎഫ് ക്യാമ്പിനെ അലട്ടുന്നുണ്ട്. കഴിഞ്ഞ തവണത്തേതു പോലെ ഒരു ലക്ഷത്തിനു മുകളിലുള്ള ഭൂരിപക്ഷം ഇല്ലെങ്കിലും മികച്ച വിജയം ഉണ്ടാകുമെന്ന് രാജേഷ് പറയുന്നു. അപ്പുറത്ത് വോട്ട് മറിക്കൽ നടന്നേക്കുമെന്നു സൂചിപ്പിക്കാനും മടിക്കുന്നില്ല.

''അസംതൃപ്തരായ ഒരു വിഭാഗം ബിജെപിക്കാരെ ഒപ്പം കൂട്ടുകയാണ് യുഡിഎഫ്. അത്തരം സൂചനകളാണ് ലഭിക്കുന്നത്.'', എം ബി രാജേഷ് പറയുന്നു. 

അസംതൃപ്തരായ സിപിഐക്കാരോ എതിർചേരിയിലുള്ള പി കെ ശശിയോ പാലം വലിച്ചേക്കുമോ എന്നതാണ് രാജേഷ് ക്യാമ്പിന്‍റെ മറ്റൊരാശങ്ക. അതേസമയം, പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് വാർത്ത സൃഷ്ടിച്ച് തന്‍റെ സാധ്യതകളെ ഇല്ലാതാക്കാൻ ചിലർ ശ്രമിക്കുന്നു എന്ന് യുഡിഎഫ് സ്ഥാനാർത്ഥിക്ക് പരാതിയുണ്ട്. 

''ഒരു ബൂത്തിലും ആളുകൾ പ്രവർത്തിക്കാത്ത പ്രശ്നമില്ല. അത് 23-ന് ഫലം വന്നാൽ നിങ്ങൾക്ക് മനസ്സിലാകും'', എന്ന് വി കെ ശ്രീകണ്ഠൻ. 

മണ്ഡലത്തിലെ പ്രബലരായ ഈഴവ സമുദായമോ ഇരുപത് ശതമാനത്തിനടുത്ത് വരുന്ന ന്യുപക്ഷ വിഭാഗമോ ഏതെങ്കിലും ഒരു ഭാഗത്തേക്ക് ചാഞ്ഞാൽ വലിയ ചലനമുണ്ടാകും. ശബരിമല പ്രക്ഷോഭം വോട്ട് ഇരട്ടിപ്പിക്കുമെന്ന ബിജെപി അവകാശവാദത്തിലെ നേരറിയാൻ ഫലം വരുവരെ കാത്തിരുന്നേ പറ്റൂ.

click me!