ബിജെപിക്ക് ബദൽ കോൺഗ്രസ് എന്ന് വോട്ടർമാർ വിലയിരുത്തി; തിരിച്ചടി അംഗീകരിച്ച് എൽഡിഎഫ്

By Web TeamFirst Published Jun 11, 2019, 7:27 PM IST
Highlights

സ്ത്രീകൾ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് എൽജെഡി വിശദമാക്കി. വനിതാ മതിലിന് പിറ്റേന്ന് തന്നെ നവോത്ഥാനം തകർന്നെന്നും എൽജെഡി

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്ന് എല്‍ഡിഎഫ് സംസ്ഥാന സമിതി. യു‍‍‍‍‍‍ഡിഎഫിന്‍റെയും ബിജെപിയുടെയും കള്ളപ്രചാരണം മൂലം നഷ്ടമായ വിശ്വാസി സമൂഹത്തെ തിരികെയെത്തിക്കാന്‍ നടപടി വേണമെന്ന് യോഗം തീരുമാനിച്ചു. പോലീസ് കമ്മീഷണറേറ്റ് വിഷയം യോഗം ചര്‍ച്ച ചെയ്തില്ല.

എല്‍ജെ ഡി, കേരളാകോണ്‍ഗ്രസ് ബി, ഐഎന്‍എല്‍ എന്നിവരാണ് ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. വിശ്വാസികള്‍ക്കുണ്ടായ വിഷമം പരിഹരിക്കാന്‍ നടപടിയുണ്ടാകും . സ്ത്രീകൾ ശബരിമല കയറിയത് വിശ്വാസികളെ വേദനിപ്പിച്ചുവെന്ന് എൽജെഡി വിശദമാക്കി. വനിതാ മതിലിന് പിറ്റേന്ന് തന്നെ നവോത്ഥാനം തകർന്നെന്നും എൽജെഡി വിമർശിച്ചു. 

ശബരിമല വിഷയം കാണാതെ പോകരുതെന്ന് ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ഇത്തരമൊരു നിലപാട് മാത്രമെ സ്വീകരിക്കാന്‍ കഴിയുമായിരുന്നുള്ളു എന്ന സിപിഎം നിലപാടിനെ എല്ലാവരും പിന്തുണച്ചു. യുഡിഎഫും ബിജെപിയും ഈ വിഷയം പ്രധാനകാര്യമായി കത്തിച്ച് നിര്‍ത്തിയപ്പോള്‍ എല്‍ഡിഎഫ് രാജ്യത്തെ സാമ്പത്തിക പ്രശ്നവും തൊഴിലില്ലായ്മയും വര്‍ഗീയതയുമൊക്കെയാണ് ചര്‍ച്ചയാക്കിയത്.  എതിരാളികള്‍ ഈ അവസരം പരമാവധി മുതലാക്കി. നരേന്ദ്രമോദിക്കെതിരെ രാഹുല്‍ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന പ്രചാരണത്തിനും അംഗീകാരം കിട്ടി. 

അതേസമയം ശബരിമല വിഷയത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിശ്വാസികൾക്ക് തെറ്റിദ്ധാരണ ഉണ്ടായി, ഇത് മാറ്റാൻ നടപടിയുണ്ടാവുമെന്നും എൽഡിഎഫ് യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 

വിശ്വാസി സമൂഹത്തെ തിരിച്ച് കൊണ്ട് വരാനാകും. ഇതിനായി പ്രചാരണ പരിപാടികള്‍ ശക്തമാക്കും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം എല്‍ഡിഎഫ് യോഗം ഉടന്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തും. ഇതിനായി  മുഖ്യമന്ത്രി എല്ലാ വകുപ്പിന്‍റെയും പ്രത്യേക നോട്ട് തയ്യാറാക്കും. പോലീസ് കമ്മീഷണറേറ്റ് , പിഎസ് സി ഒഴിവ് നികത്തല്‍ എന്നിവ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയായില്ല.
 

click me!