വ‍ർദ്ധിച്ച വോട്ടിംഗ് ഗുണമായി; കൂട്ടിയും കിഴിച്ചും കോട്ടയത്ത് മുന്നണികൾ

By Web TeamFirst Published Apr 24, 2019, 7:12 PM IST
Highlights

കഴിഞ്ഞ പ്രാവശ്യം 71  ആയിരുന്ന കോട്ടയത്തെ പോളിംഗ് ഇത്തവണ 75.41 ശതമാനമായി ഉയ‍ർന്നു. ത്രികോണമത്സരം നടന്ന കോട്ടയത്ത് ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രമായ വൈക്കത്താണ് എറ്റവുമധികം പോളിംഗ് നടന്നത്

കോട്ടയം: വർദ്ധിച്ച വോട്ടിംഗ് ശതമാനം ഗുണമായെന്ന് മൂന്ന് മുന്നണികളും അവകാശപ്പെടുന്ന മണ്ഡലമാണ് കോട്ടയം. 75.41 ശതമാനമാണ് കോട്ടയത്തെ പോളിംഗ്. കഴിഞ്ഞ പ്രാവശ്യം 71% ശതമാനമായിരുന്നു. ത്രികോണമത്സരം നടന്ന കോട്ടയത്ത് ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രമായ വൈക്കത്താണ് എറ്റവുമധികം പോളിംഗ് നടന്നത്. ഇതാണ് ഇടതുമുന്നണിയുടെ ആത്മവിശ്വാസം. 

ഏറ്റുമാനൂർ, കോട്ടയം, പിറവം മണ്ഡലങ്ങളിൽ മുന്നേറാനാവുമെന്നാണ് ഇടതുമുന്നണിയുടെ കണക്ക് കൂട്ടൽ. പാലാ കടുത്തുരുത്തി മണ്ഡലങ്ങളിൽ ശരാശരിയേക്കാൾ വോട്ട് കുറഞ്ഞതും അനുകൂലമാകുമെന്നാണ് സിപിഎമ്മിന്‍റെ പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അധികമായി ലഭിച്ച വോട്ട് കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്ന് യുഡിഎഫിന്‍റെ വിലയിരുത്തൽ. പാലാ, കടുത്തുരുത്തി, പുതുപ്പള്ളി പിറവം, കോട്ടയം, മണ്ഡലങ്ങൾ തുണയ്ക്കുമെന്നും യുഡിഎഫ് കണക്ക് കൂട്ടുന്നു.

പാലാ, പിറവം, കുടുത്തുരുത്തി മണ്ഡലങ്ങളിൽ അട്ടിമറിയുണ്ടാകുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ. കോൺഗ്രസ് വോട്ടുകൾ ചോർന്നിട്ടുണ്ടെന്നും അത് പി സി തോമസിന് ലഭിച്ചിട്ടുണ്ടെന്നുമാണ് എൻഡിഎ വിലയിരുത്തുന്നത്. കൂട്ടലും കിഴിക്കലുമായി സജീവമായ ഒരു മാസം ഇനിയും മുന്നിലുണ്ട്. കഴിഞ്ഞ ഒന്നരമാസത്തെ കടുത്ത പ്രചാരണത്തിന് വിരാമമിട്ട് സ്ഥാനാർത്ഥികളും പ്രവർത്തകരും ഇന്ന് വിശ്രമത്തിലാണ്.

click me!